ആര്‍കെ നഗറില്‍ ജയലളിതയുടെ ഭൂരിപക്ഷം ലക്ഷം കടന്നു


ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ഉജ്വല വിജയത്തിലേക്ക്. 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1,26,666 വോട്ടുകളുടെ ലീഡാണു ജയലളിത നേടിയിരിക്കുന്നത്.


തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി പി ഐയുടെ സി മഹേന്ദ്രന് ഇതുവരെ 7,765 വോട്ടുകളാണു ലഭിച്ചിരിക്കുന്നത്. ജയലളിതയ്‌ക്കെതിരേ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളുടെയും കെട്ടിവച്ച കാശ് നഷ്ടമാകുമെന്നാണു സൂചന.


ഭൂരിപക്ഷത്തില്‍ ‘തലൈവി’ റെക്കോഡ് സൃഷ്ടിക്കുമോ എന്ന് മാത്രമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഡി എം കെ. ഉള്‍പ്പെടെയുള്ള മുഖ്യപ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ സി പി ഐയുടെ സി മഹേന്ദ്രനും സ്വതന്ത്രനായി മത്സരിക്കുന്ന ട്രാഫിക് രാമസ്വാമിയുമാണ് ജയലളിതയ്‌ക്കെതിരെ മത്സര രംഗത്തുള്ള പ്രമുഖര്‍.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിതയ്ക്ക് മത്സരിക്കാനായി എ ഐ എ ഡി എം കെ എം എല്‍ എ വെട്രിവേല്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂണ്‍ 27 ന് നടന്ന തിരഞ്ഞെടുപ്പില്‍ 74.4 ശതമാനം പേര്‍ വോട്ടു ചെയ്തു.



Sharing is Caring