ആന്റണിയുടെയും സുധീരന്റെയും തനിനിറം പുറത്തുവന്നു: വി എസ്


തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന വിധി വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയുടെയും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും തനിനിറം പുറത്തുവന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.


അഴിമതി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജന്മാവകാശമാണെന്നാണ് ആന്റണിയും സുധീരനും കോടതി വിധിയോട് പ്രതികരിച്ചതില്‍നിന്ന് മനസിലാകുന്നത്. ഈ വിധി കാര്യമാക്കേണ്ടതില്ലെന്നും ഇത് ജനങ്ങള്‍ കണക്കാക്കില്ലെന്നും പറയുന്ന മാനസികാവസ്ഥയിലേക്ക് ആദര്‍ശധീരന്‍ എന്നു മേനിനടിക്കുന്ന ആന്റണി താണു. സുധീരനാകട്ടെ പതിവുപോലെ അങ്ങുമിങ്ങും തൊടാതെ, ജനകീയ കോടതി തീരുമാനിക്കട്ടെഎന്നാണ് പറഞ്ഞത്.നിയമ മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെപോലെയാണ് വിന്‍സന്‍ എം പോള്‍ പ്രവര്‍ത്തിച്ചതെന്ന് ഈ വിധിന്യായം വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. സര്‍ക്കാരും വിജിലന്‍സ് ഡയറക്ടറും ഗൂഢാലോചന നടത്തിയാണ് കേസ് അട്ടിമറിച്ചതെന്ന് കോടതി വിധിയിലൂടെ വ്യക്തമാകുന്നു. അതിനാല്‍ വിന്‍സന്‍ എം പോളിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണം. കേസ് അട്ടിമറിച്ചതിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണം.


ആന്റണിക്കും സുധീരനും ധാര്‍മികത ലവലേശമെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത് മാണി രാജിവയ്ക്കണമെന്നും വിന്‍സന്‍ എം പോളിനെ സസ്പെന്റ് ചെയ്യണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.



Sharing is Caring