ആദ്യ അന്ത്യോദയ ട്രെയിന്‍ കേരളത്തില്‍ നിന്ന് തുടങ്ങി


കൊച്ചി: റെയില്‍വേയുടെ ആദ്യ അന്ത്യോദയ ട്രെയിന്‍ എറണാകുളത്തുനിന്ന് ആദ്യ ഓട്ടം തുടങ്ങി. ഹൗറ വരെയാണ് സര്‍വീസ്. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. വൈകാതെ വേഗത കൂടിയ തേജസ്, ഡബിള്‍ഡക്കര്‍ ഉദയ് ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ദീര്‍ഘനാളായി നിര്‍ദ്ദേശിച്ചിട്ടും കേരളം നടപ്പാക്കാതിരുന്ന കരാറില്‍ ഇപ്പോള്‍ ഒപ്പുവച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ പദ്ധതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറായതിനാല്‍ കേരളത്തിന്റെ പരാതി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എറണാകുളത്തു നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി, ഡിവിഷണല്‍ എന്‍ജീനയില്‍ രാജേന്ദ്ര കുമാര്‍ മീണ, സീനിയര്‍ ഡിവിഷണല്‍ സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനിയര്‍ പ്രേംചന്ദ് ഹരിജന്‍, ഏരിയ മാനേജര്‍ ആര്‍. ഹരികൃഷ്ണന്‍, സ്റ്റേഷന്‍ മാനേജര്‍ രോഹിത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഴുവന്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുള്ള അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എകസ്പ്രസ് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണു സര്‍വീസ് തുടങ്ങിയത്. ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിക്കുന്ന ട്രെയിനില്‍ കുടിവെള്ളത്തിനായി എല്ലാ കോച്ചുകളിലും വാട്ടര്‍ ഡിസ്‌പെന്‍സര്‍, കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, കൂടുതല്‍ മൊബൈല്‍ ചാര്‍ജര്‍ പോയിന്റുകള്‍, ബയോടൊയ്ലറ്റ് സൗകര്യങ്ങളാണുള്ളത്.

മണിക്കൂറില്‍ 62 കിലോമീറ്റര്‍ ശരാശരി വേഗമുള്ള ട്രെയിന്‍ 38 മണിക്കൂര്‍ കൊണ്ടു ഹൗറയിലെത്തും. തൃശൂര്‍, പാലക്കാട് എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ പുലര്‍ച്ചെ 12.25 എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ (22878) ബുധനാഴ്ച ഉച്ചയ്ക്ക് 2.50ന് ഹൗറയിലെത്തും. മടക്ക ട്രെയിന്‍ (22877) ശനിയാഴ്ചകളില്‍ വൈകിട്ട് അഞ്ചിന് ഹൗറയില്‍ നിന്നു പുറപ്പെട്ടു തിങ്കളാഴ്ചകളില്‍ രാവിലെ ആറിന് എറണാകുളത്തെത്തും.



Sharing is Caring