ആദായ നികുതി ഉദ്യാഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ ആള്‍ പോലീസ് പിടിയില്‍. ബെംഗളൂരു കേന്ദ്രീകരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ‘പരിശോധന’ നടത്തി പണം തട്ടുന്ന ശിവാനന്ദ് ഭജന്ത്രി എന്നയാളാണ് പോലീസ് പിടിയിലായത്.
ബസവ് രാജ് പൂജാര്‍ എന്ന ആളുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന പരിശോധന നടത്തി, 1.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയാണ് ഇയാള്‍. ഇയാളെ കൂടാതെ മറ്റു മൂന്നുപേരും ഈ സംഘത്തിലുണ്ടായിരുന്നു.
റവന്യൂ ഉദ്യോഗസ്ഥരായി ചമഞ്ഞ് മണല്‍ കടത്തിയിരുന്ന ലോറി ഉടമകളില്‍നിന്ന് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിരമായി പണം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ലോറി ഉടമകളില്‍നിന്ന് ഇപ്രകാരം 60,000 രൂപ വാങ്ങിയ ഭജന്ത്രിയും സംഘവും കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലോറി ഉടമകളാണ് പോലീസില്‍ വിവരം അറിയിച്ചത്.
വ്യാജ ഐഡി കാര്‍ഡ് നല്‍കി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും സംശയം തോന്നിയ പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ചോദ്യം ചെയ്യലില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.














