ആഞ്ഞടിച്ച് ഓഖി ലക്ഷദ്വീപില്‍: കനത്ത നാശനഷ്ടത്തിന് സാധ്യത


ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. കൊടുങ്കാറ്റിലും മഴയിലും ദ്വീപ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കല്‍പേനിയിലും മിനിക്കോയിലും ആണ് കനത്ത നാശനഷ്ടം. ഇവിടങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. നാവികസേന ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കുന്നുണ്ട്.കേരളതീരത്തിനു സമീപത്ത് അടിച്ചതിനേക്കാള്‍ ശക്തമായ രൂപം കൈകൊണ്ടിരിക്കുകയാണ് ലക്ഷദ്വീപിലിപ്പോള്‍ ഓഖി. മണിക്കൂറില്‍ 145 കി.മീറ്റര്‍ ശക്തിയില്‍ വരെ ഓഖി ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിറങ്ങരുതെന്നും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ദ്വീപില്‍ വലിയ നാശനഷ്ടത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കല്‍പേനിയില്‍ തയാറാക്കിയ ഹെലിപാഡ് വെളളത്തില്‍ മുങ്ങി. കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ തയാറാക്കിയ സംവിധാനങ്ങളും ശക്തമായ തിരയില്‍ മുങ്ങി.


145 കി.മീറ്റര്‍ വേഗതയില്‍ ഉള്ള ഓഖി അതിതീവ്രവിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ്. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗത്തി, അമിനി, കടമത്, കല്‍ട്ടണ്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലകളുണ്ടാകും. 7.4 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളടിക്കുമെന്നാണ് അറിയിപ്പ്.ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കണ്‍ട്രോള്‍ റൂം തുറന്നു. അഗത്തി ഡെപ്യൂട്ടി കലക്ടര്‍ ഓഫിസ് ആണ് കണ്‍ട്രോള്‍ റൂം തുറന്നത്. സാഹയത്തിനോ വിവരങ്ങള്‍ നല്‍കാനോ അറിയാനോ 04894242263 നമ്പറിലേക്കു വിളിക്കാം.




Sharing is Caring