ജയസൂര്യയെ നായകനാക്കി മിഥുന് മാനുവല്‍ സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആട് 2 തിയറ്ററുകളിലേക്ക്. ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചത്.
മിഥുന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് അഭിനയിച്ചിരുന്നവര്‍ തന്നെയാണ് രണ്ടാം ഭാഗത്തും അണിനിരക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ പിങ്കി എന്ന ആട് ഒരു ആട്ടിന്‍ കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. ആദ്യ ഭാഗത്തേതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആക്ഷനും കോമഡിയും ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാമെന്നാണ് സംവിധായകന് ഉറപ്പുനല്‍കുന്നത്. രണ്ടാം ഭാഗത്തില്‍ ഷാജി പാപ്പന്റെ ജീവിതത്തിലെ മറ്റൊരു സംഭവമായിരിക്കും പറയുക.

ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്രൈഡേ ടിക്കറ്റ്സ് ആണ്.
ചിത്രത്തിന്റെ ആദ്യഭാഗം ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കിടികളെയും വിനായകന്റെ കഥാപാത്രത്തെയുമെല്ലാം പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യ ഭാഗത്തിനു ശേഷം ആന്മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങള്‍ മിഥുന് മാനുവല്‍ സംവിധാനം ചെയ്യ്തിരുന്നു. അതിനു ശേഷമാണ് ആട് 2 ഒരുക്കിയത്.













