‘ആക്രമണം ബിയര്‍ കുപ്പികളും കല്ലുകളും കൊണ്ട്’; കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നുവെന്ന് ബിനീഷ്; ബിജെപിയുടെ ശ്രമം കോഴയില്‍ നിന്നും ശ്രദ്ധതിരിക്കാനെന്ന് കോടിയേരി


വീടിന് നേരെ ആക്രമണം ഉണ്ടായത് പുലര്‍ച്ചെ മൂന്ന് നാല് മണിയോടെയാണെന്ന് ബിനീഷ് കോടിയേരി. ശബ്ദം കേട്ടാണ് എല്ലാവരും എഴുന്നേറ്റത്. ഇപ്പോള്‍ നടക്കുന്ന ഒരു ആക്രമണത്തിന്റെ ഭാഗമായിട്ട് അവര്‍ ചെയ്യുന്നതായിരിക്കാം. കുട്ടികള്‍ അടക്കം വീട്ടിലുളളപ്പോളായിരുന്നു ആക്രമണം. ഒരു സ്റ്റാഫ് ഇവിടെയാണ് കിടക്കുന്നത്. അവന്‍ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആക്രമികള്‍ പോയിട്ടുണ്ടായിരുന്നു. ഒരേ സമയത്തുളള ഏറായിരുന്നു. ഒരുപാട് ഗ്ലാസുകളും കാറിന്റെ ചില്ലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനായി ബിയര്‍ കുപ്പികളും കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞു.


ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം നടന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനുനേരെ ആക്രമണം ഉണ്ടായത്. മരുതങ്കുഴിയിലുളള വീടിനുനേരെയാണ് കല്ലേറുണ്ടായത്. ആക്രമണ സമയത്ത് കോടിയേരി വീട്ടില്‍ ഇല്ലായിരുന്നു. താന്‍ ഇടക്കിടെ വന്നു താമസിക്കാറുളള വീടാണിതെന്നും അതിനാലാണ് ഇതിനെ ബിജെപി ലക്ഷ്യംവെച്ചതെന്നും ആസൂത്രിത ആക്രമണങ്ങളാണ് നടന്നതെന്നും കോടിയേരി പറഞ്ഞു. മെഡിക്കല്‍ കോളെജ് കോഴയില്‍ നിന്നും ശ്രദ്ധതിരിക്കാനുളള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നില്‍. വീടുകള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ സിപിഐഎം പിന്തുണക്കില്ല. ബിജെപി-ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ആസൂത്രണമാണ് ആക്രമണങ്ങള്‍ക്ക് പിന്നാലെ. ജനങ്ങളെ അണിനിരത്തി ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു.




Sharing is Caring