ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദിൻ ഷെയ്ഖ് കേസിൽ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച മുംബെ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്ത്. ജഡ്ജിയുടെ മരണം, അഴിമതി, കൈക്കൂലി, നിയമത്തെ വളച്ചൊടിക്കൽ എന്നീ വിഷയങ്ങളിൽ ശക്തമായ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നത് അന്വേഷിക്കപ്പെടണമെന്നും ദുരൂഹത മാറ്റപ്പെടണമെന്നും സിപിഎം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വാർത്ത പുറത്തുവന്നു ദിവസങ്ങൾക്കുശേഷമാണ് ഒരു രാഷ്ട്രീയപാർട്ടി അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തുന്നത്.
സൊഹ്റാബുദിൻ വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബർ ഒന്നിന് നാഗ്പുരിൽവച്ചാണ് ജസ്റ്റീസ് ലോയ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കാരവൻ മാഗസിൻ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ നിരഞ്ജൻ താക്ലെ എഴുതിയ റിപ്പോർട്ടിൽ ലോയയുടെ മരണത്തെ സംബന്ധിച്ചും പോസ്റ്റ് മോർട്ടം നടപടിക്രമങ്ങളെ കുറിച്ചും ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി നിരവധി സംശയങ്ങൾ ഉന്നയിച്ചിരുന്നു.

കേസിൽ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് പകരമായി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ ജസ്റ്റീസ് ലോയയ്ക്ക് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നൽകിയെന്ന് സഹോദരൻ തന്നോട് പറഞ്ഞതായി ബിയാനി വെളിപ്പെടുത്തി. വിചാരണ സമയത്ത് അമിത് ഷാ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിന്റെ പേരിൽ അദ്ദേഹത്തെ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടർന്നാണ് 2014 ജൂണിൽ ജസ്റ്റീസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേൽക്കുന്നത്.
ഒക്ടോബർ 31ന് നടന്ന വാദത്തിൽ എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരിക്കുന്നതെന്ന് ജസ്റ്റീസ് ലോയ ആരാഞ്ഞിരുന്നു. അമിത് ഷാ സംസ്ഥാനത്തുണ്ടാവുന്ന സന്ദർഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കണമെന്നു പ്രതിഭാഗം അഭിഭാഷകനോടു ലോയ നിർദേശിച്ചു. ഈ ഘട്ടത്തിൽ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന മോഹിത് ഷാ അനുകൂല വിധിക്കായി തന്റെ സഹോദരന് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് അനുരാധ ബിയാനി പറയുന്നു.













