അഴിമതിയുണ്ടെങ്കില്‍ കര്‍ണാടക സര്‍ക്കാര്‍ പിരിച്ചുവിട്ടോളൂ: മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അഴിമതിയുണ്ടെങ്കില്‍ കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കേസെടുക്കണമെന്നും അല്ലെങ്കില്‍ മോദി മാപ്പു പറയണമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഞായറാഴ്ച ബംഗളൂരുവില്‍ നടത്തിയ റാലിക്കിടെയാണ് മോദി സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.


കര്‍ണാടകയില്‍ കോണ്‍ഗ്രസ് അഴിമതിയുടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തുവെന്നായിരുന്നു മോദിയുടെ ആരോപണം. ”10 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍” എന്ന പരാമര്‍ശം നടത്തുകയും ഈ സര്‍ക്കാരിന്റെ അന്ത്യമടുത്തുവെന്നും മോദി പറഞ്ഞിരുന്നു. പിന്നാലെ സംസാരിച്ച കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ ”30 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍” എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


സംസ്ഥാനത്ത് അഴിമതി വ്യാപിക്കുന്നുവെന്ന് വിവരമുണ്ടെങ്കില്‍, എന്തുകൊണ്ട് ഭരണഘടനയുടെ 356 -ാം വകുപ്പനുസരിച്ച് സര്‍ക്കാരിനെ പിരിച്ചുവിടുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് വി.എസ് ഉഗ്രപ്പ ചോദിച്ചു. അങ്ങനെയൊരു വിവരം പ്രധാനമന്ത്രിക്കുണ്ടെങ്കില്‍ സത്യം രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സ്വന്തം സ്ഥാനത്തെ മോദി ബഹുമാനിക്കുന്നില്ലെന്നും ഇതുവരെയുള്ള പ്രധാനമന്ത്രിമാര്‍ കാത്തുപോന്നിരുന്ന രാജ്യതന്ത്രജ്ഞത അദ്ദേഹത്തിന് ഇല്ലാതായെന്നും ഉഗ്രപ്പ പറഞ്ഞു. ”ബി.ജെ.പി മുക്ത ഭാരതം രാജസ്ഥാനില്‍ നിന്ന് തുടങ്ങിക്കഴിഞ്ഞു, ബി.ജെ.പി മുക്ത ഭാരതം വേണമെന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷെ, മോദി മുക്ത ഭാരതം എനിക്കാവശ്യമാണ്”- അദ്ദേഹം പറഞ്ഞു.



Sharing is Caring