അഴിമതിക്കാരായ രാഷ്ട്രീയക്കാരില്‍ നിന്ന് ജീവന് ഭീഷണി: രാജ്യത്തിന് പുറത്തു നിയമനം ചോദിച്ച്‌ പ്രധാനമന്ത്രിക്ക് ജേക്കബ് തോമസിന്റെ കത്ത്


ന്യൂഡല്‍ഹി: അഴിമതിക്കാരായ രാഷ്ട്രീയക്കാരില്‍ നിന്ന് ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തനിക്ക് രാജ്യത്തിന് പുറത്ത് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസിന്റെ കത്ത്. രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണ് ഡിജിപി ജേക്കബ് തോമസ് കത്തു നല്‍കിയത്.


കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയ 27 നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്കാണ് കത്ത് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അഴിമതി കേസുകളില്‍ അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണി ഉണ്ടെന്ന് ജേക്കബ് തോമസ് കത്തില്‍ പറയുന്നു.


വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ രാഷ്ട്രീയക്കാരായ ഉന്നതര്‍ പ്രതികളായ 22 ഓളം കേസുകള്‍ അന്വേഷിക്കുന്നുണ്ടെന്നും കത്തില്‍ ചുണ്ടിക്കാട്ടുന്നുണ്ട്. ഒരു വര്‍ഷം മുമ്ബാണ് ജേക്കബ് തോമസ് കത്തയച്ചത്. എന്നാല്‍ കത്തില്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു



Sharing is Caring