അരീക്കോട് ദുരഭിമാന കൊല; അന്യജാതിക്കാരനെ വിവാഹം കഴിക്കാനാഗ്രഹിച്ച മകളെ കുത്തിക്കൊന്ന അച്ഛനെ കോടതി വെറുതെ വിട്ടു


മലപ്പുറം : അരീക്കോട് ദുരഭിമാന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി വെറുതെ വിട്ടത്. ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങിയ മകളെ രാജന്‍ കൊലപ്പെടുത്തുകയായിരുന്നു. 2018 മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം.മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്ക് വേണ്ടി അഡ്വ. പിസി മൊയ്തീൻ ഹാജരായി. അഡ്വ. വാസു ആയിരുന്നു പ്രോസിക്യൂട്ടർ. ഏല്ലാ പ്രധാന സാക്ഷികളും കൂറി മാറിയതാണ് പ്രോസിക്യൂഷന് വിനയായത്.


മാർച്ച് 23 നാണ് കേരളത്തെ നടുക്കിയ കൊലപാതകം സംഭവിക്കുന്നത്. പട്ടിക വിഭാഗത്തിൽപ്പെട്ട ബ്രിജേഷ് എന്ന യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തിയായിരുന്നു ബ്രിജേഷ്. എന്നാൽ ആതിരയുടെ പിതാവ് രാജന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. പ്രശ്‌നം പൊലീസ് സ്റ്റേഷനിൽ എത്തുകയും പരിഹരിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ മദ്യപിച്ച് വീട്ടിൽ എത്തിയ രാജൻ ഇക്കാര്യത്തെ ചൊല്ലി ആതിരയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പിതാവിൽ നിന്ന് രക്ഷപ്പെടാനായി ആതിര അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും കട്ടിലിനടിയിൽ ഒളിക്കുകയും ചെയ്തു. എന്നാൽ രാജൻ ആതിരയെ തെരഞ്ഞു പിടിച്ചു കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ട് കത്തികളുമായി കുറ്റാരോപിതനായ രാജനെ പൊലീസ് പിടികൂടുകയായിരുന്നു.




Sharing is Caring