അമേരിക്കയുമായുള്ള വ്യാപാര കരാർ റദ്ദാക്കണം; ആവർത്തിച്ച് രാഹുൽ ഗാന്ധി


അമേരിക്കയുമായുള്ള വ്യാപാര കരാർ ഉടൻ റദ്ദാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഭോപ്പാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാർഷിക മേഖലയെയും കർഷകരെയും ദോഷകരമായി ബാധിക്കുന്ന ഈ കരാറിന് പിന്നിൽ ദുരൂഹതകളുണ്ടെന്ന് രാഹുൽ ആരോപിച്ചു.


അമേരിക്കൻ സുപ്രീം കോടതി കരാറിൽ നിർണ്ണായക തീരുമാനം എടുത്ത സാഹചര്യത്തിൽ, രാജ്യത്തിന്റെ ഡാറ്റകൾ അമേരിക്കയ്ക്ക് കൈമാറുന്ന ഈ കരാറിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപാര കരാർ സംബന്ധിച്ച് പാർലമെന്റിൽ തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും പ്രസംഗം തുടങ്ങിയപ്പോൾ തന്നെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


അമേരിക്കയിൽ അദാനി ക്രിമിനൽ കുറ്റങ്ങൾ നേരിടുകയാണെന്നും ബിജെപിയുടെ സാമ്പത്തിക സ്രോതസ്സാണ് അദാനിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും മോദിയും അനിൽ അംബാനിയും തമ്മിലുള്ള ബന്ധവും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ സുപ്രീം കോടതിയുടെ തീരുമാനത്തിന് പിന്നാലെ ഭയന്നോടിയ മോദി, തന്റെ അധികാരം നിലനിർത്താൻ രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു.



Sharing is Caring