അമേരിക്കയുമായുളള ബന്ധം പാക്കിസ്ഥാന്‍ പുനപരിശോധിക്കുന്നു


അമേരിക്കയുമായുളള ബന്ധം പാക്കിസ്ഥാന്‍ പുനപരിശോധിക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖുറാം ഡസ്തിഗര്‍ ഖാന്‍. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ പരാമര്‍ശം.


പാക്കിസ്ഥാന് ഇന്ത്യയില്‍ നിന്നുളള ഭീഷണി അമേരിക്ക അവഗണിക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ പറുദീസ ഒരുക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പാക്കിസ്ഥാനും അമേരിക്കയും തമ്മിലുളള ബന്ധത്തില്‍ വിളളല്‍ വീണത്.

തെളിവുകള്‍ നിരത്തി ഞങ്ങളുടെ നിലപാടുകള്‍ ന്യായീകരിക്കും. എന്നാല്‍ അവരെ തൃപ്തിപ്പെടുത്താനാകില്ല. അമേരിക്കയുമായുളള ബന്ധം സര്‍ക്കാര്‍ പുനപരിശോധിച്ചുവരുകയാണ്.

ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചയാണ് ആവശ്യം. ഇന്ത്യയും അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പാക്കിസ്ഥാന് ഭീഷണിയാണ്. ഇന്ത്യയില്‍ നിന്നുളള ഭീഷണി അമേരിക്ക അവഗണിക്കുന്നു. അമേരിക്കയുമായുളള ചര്‍ച്ചയില്‍ ഇൗ വിഷയം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിക്കൊപ്പം വിദേശകാര്യ മന്ത്രി ആസിഫും അടുത്തയാഴ്ച ന്യൂയോര്‍ക്കിലേക്ക് പോകും. ഈയവസരത്തില്‍ വാഷിങ്ങ്ടണ്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി ചര്‍ച്ച നടത്തുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.



Sharing is Caring