അഭിമന്യുവിനെ കൊല കേസിൽ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും


എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.


കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കോടതിയിൽ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.കേസിലെ പതിനാറ് പ്രതികൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകൾ അനുസരിച്ച് കൊലപാതകം, വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്.


പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതി.കേസിലെ പ്രധാന രേഖകൾ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനഃസൃഷ്ടിച്ചാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമ‍ർപ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയിൽ നിന്ന് നഷ്ടമായത്.



Sharing is Caring