അഭിമന്യു വധം:മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്


മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയം ഒരേ സമയമായിരുന്നു പരിശോധന. കടാമ്ബുഴ മലബാര്‍ ഹൗസിലും റെയ്ഡ് പുരോഗമിക്കുകയാണ്. മഞ്ചേരി-മലപ്പുറം പൊലീസ് സംയുക്തമായി രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്‌.


അതേ സമയം കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായ നവാസ് മട്ടാഞ്ചേരി സ്വദേശിയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചനകുറ്റവും ചുമത്തിയിട്ടുണ്ട്.


അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ പിടികൂടിയാലെ ഇത് സ്ഥിരീകരിക്കാനാകൂ. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് നിലവില്‍ ഒന്നാംപ്രതിയായാക്കിയിരുന്നത്‌. കേസില്‍ ആകെ 15 പ്രതികളാണുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയ മൂന്നുപ്രതികളെ വെള്ളിയാഴ്ച പോലീസ് വിശദമായി ചോദ്യംചെയ്തു. വാക്ക് തര്‍ക്കത്തിനിടയില്‍ കുത്തുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്‌. കൂടുതലൊന്നും അറിയില്ലെന്നാണ് ഇവരുടെ നിലപാട്‌.



Sharing is Caring