അഭയാര്‍ത്ഥി പ്രശ്‌നങ്ങളില്‍ അമേരിക്ക ഇടപെടണ്ട ഫ്രഞ്ച് പ്രസിഡന്റ്


തങ്ങളുടെ രാജ്യത്തുണ്ടാകുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങളില്‍ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ്. അറ്റ്ലാന്റിക് സമുദ്രത്തിന് അപ്പുറമുളള സഹകരണം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണ്. അത് പക്ഷെ യൂറോപ്യന്‍ യൂണിയന്റെ താല്‍പര്യങ്ങളും മൂല്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കുമെന്നും ഒലാദ് വ്യക്തമാക്കി. വ്യാപകമായ കുടിയേറ്റം അനുവദിച്ചതിലൂടെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ കൊടിയ അപരാധമാണ് ചെയ്തതെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.


ട്രംപിന്റെ പ്രസ്താവന യൂറോപ്പിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഫ്രാന്‍സ് മുന്‍ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ മാനുവല്‍ വാലസ് അഭിപ്രായപ്പെട്ടു


ബ്രട്ടീഷ് പത്രമായ ടൈംസ് ഓഫ് ലണ്ടന് നല്‍കിയ അഭിമുഖത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളെയും ആഞ്ജല മെര്‍ക്കലിനെയും ട്രംപ് വിമര്‍ശിച്ചത്. യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുളള പല അഭിപ്രായപ്രകടനങ്ങളും വിവാദമായതിന് പിന്നാലെയാണ് ആഞ്ജല മെര്‍ക്കലിന്റെ കാര്യത്തിലും ട്രംപ് വിവാദത്തിലാകുന്നത്. അതേസമയം പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ പോകുന്ന ട്രംപുമായി മെര്‍ക്കല്‍ വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കാന്‍ ബ്രിട്ടന്‍ കൈക്കൊണ്ട തീരുമാനത്തെ ട്രംപ് പ്രകീര്‍ത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ തകരാതെ യൂറോപ്പിലേക്കുളള അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനാകില്ലെന്ന് പറഞ്ഞ ട്രംപ്, നാറ്റോ സഖ്യം കാലഹരണപ്പെട്ടതാണെന്നും തീവ്രവാദ ഭീഷണി നേരിടാന്‍ അതിനാകുന്നില്ലെന്നും കുറ്റപ്പെടുത്തി. ചില അംഗരാജ്യങ്ങള്‍ വേണ്ട വിധത്തില്‍ സഹകരിക്കുന്നില്ലെന്നും അഭിമുഖത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി



Sharing is Caring