കൊച്ചി: നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പ്രതിയായ അബ്ദുല്‍ മനാഫ് വധകേസില്‍ എതിര്‍ കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈകോടതി രണ്ടാഴ്ച സമയം അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ കാലതാമസം ഉള്ളതിനാലാണ് എതിര്‍ കക്ഷികള്‍ക്ക് സമയം അനുവദിച്ചത്.
പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവിനെതിരെ മരിച്ച മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് സമര്‍പ്പിച്ച റിവിഷന്‍ ഹരജി പിന്നീട് പരിഗണിക്കാനും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. കേസിലെ രണ്ടാം പ്രതിയാണ് അന്‍വര്‍ എം.എല്‍.എ.

1995 ഏപ്രില്‍ 13നാണ് മനാഫ് ആക്രമിക്കപ്പെട്ടത്. കേസില്‍ 26 പേര്‍ക്ക് എതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2009ല്‍ മഞ്ചേരി സെഷന്‍സ് കോടതി പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. ഇതിനെതിരെയാണ് മനാഫിന്‍റെ സഹോദരന്‍ ഹൈകോടതിയെ സമീപിച്ചത്.













