അന്വേഷണത്തിന്റെ പേരിലെത്തിയ പോലീസുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു!


വടക്കാഞ്ചേരി പീഡന വാര്‍ത്ത വിവാദ വിഷയമായതിനുപിന്നാലെ പീഡന പരമ്പര അവസാനിക്കുന്നില്ല. കാവലായി നില്‍ക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ പിച്ചി ചീന്തുന്ന വാര്‍ത്തയാണ് തുടര്‍ക്കഥയാകുന്നത്. ആലപ്പുഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.


തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുധിഷാണ് അറസ്റ്റിലായത്. അയല്‍വാസിയുടെ കേസ് അന്വേഷിക്കാന്‍ വന്ന പോലീസാണ് ഈ അതിക്രമം കാണിച്ചത്. കഴിഞ്ഞ മൂന്നാം തീയ്യതി അന്വേഷണത്തിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൊലീസുകാരന്‍ പീഡനത്തിന് ശ്രമിക്കുകയായിരുന്നു.


അയല്‍വാസിയായ പ്രതിയുടെ ചിത്രം അയച്ചു തരണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങി. തുടര്‍ന്ന് വാട്ട്സ്ആപില്‍ ഫോട്ടോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഫോട്ടോ അയച്ചു കൊടുത്തു. സംസാരിച്ചതിനുശേഷം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ പെണ്‍കുട്ടിയുടെ കൈ പിടിച്ച് കട്ടിലിലേക്ക് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു. മരണവെപ്രാളത്തില്‍ പെണ്‍കുട്ടി ഇയാളില്‍ നിന്നും കുതറി ഓടുകയായിരുന്നു.

മുറ്റത്തിറങ്ങി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടികൂടി. പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോക്കല്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ഐജി ശ്രീലേഖയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. എന്നാല്‍ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനായ ശ്യാം എന്നയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കണമെന്നും അവശ്യപ്പെട്ടു.

പിന്നീട് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാനെത്തിയത് നാല് പുരുഷ പൊലീസുകാരായിരുന്നു. ഇവര്‍ വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെയാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇത് തന്നെ മാനസികമായി തളര്‍ത്തിയതായും യുവതി പറഞ്ഞു.



Sharing is Caring