അനന്ത് അംബാനി- രാധിക മർച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷം; നിർധനരായ യുവതീയുവാക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിച്ച് അംബാനി കുടുംബം


ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും എൻകോർ ഹെൽത്ത് കെയർ സിഇഒയും വൈസ് ചെയർമാനുമായ വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹം മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ജൂലൈ 12ന് നടക്കും.


പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നിർധനരായ യുവതീയുവാക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിക്കുകയാണ് അംബാനി കുടുംബം. ജൂലൈ 2ന് വൈകിട്ട് 4.30ന് മഹാരാഷ്ട്രയിലെ പാൽഗഢിലെ സ്വാമി വിവേകാനന്ദ വിദ്യാമന്ദിറിലാണ് സമൂഹ വിവാഹം നടക്കുക.


ജൂലൈ 12 ന് ശുഭ് വിവാഹത്തോടെ തുടങ്ങി ജൂലൈ 13 ന് ശുഭ് ആശീർവാദത്തോടെയും ജൂലൈ 14 ന് മംഗൾ ഉത്സവത്തോടെയും സമാപിക്കുന്ന വിവാഹ ആഘോഷങ്ങൾ മൂന്നു ദിവസം നീണ്ടുനിൽക്കുമെന്നാണ് വിവരം. വിവാഹ ക്ഷണക്കത്ത് സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഒരു വലിയ സ്വർണപ്പെട്ടിയിലാണ് ക്ഷണക്കത്ത്. അതിന്റെ രൂപകൽപന പരമ്പരാഗത ഇന്ത്യൻ ക്ഷേത്രങ്ങളോടു സാമ്യമുള്ളതാണ്. വെള്ളിയിൽ നിർമ്മിച്ചതും ഗണപതി, മഹാവിഷ്ണു, ലക്ഷ്മി ദേവി, രാധാ-കൃഷ്ണൻ, ദുർഗ്ഗാ ദേവി തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളാൽ അലങ്കരിച്ചതുമാണ്.

ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പെട്ടി തുറക്കുമ്പോൾ തന്നെ പശ്ചാത്തലത്തിൽ വിശ്വാസമന്ത്രങ്ങൾ മുഴങ്ങുന്നത് കേൾക്കാം. വലിയ പെട്ടിക്കകത്ത് മറ്റൊരു ചെറിയ പെട്ടിയും വിഡിയോയിൽ കാണാം. ആ ചെറിയ പെട്ടി ‘ട്രാവൽ ടെംപിൾ’ എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ആൾ പരിചയപ്പെടുത്തുന്നത്. യാത്രകൾക്കൊക്കെ ഉപയോഗിക്കാൻ പറ്റിയ ചെറിയ ഒരു ക്ഷേത്രത്തിന്റെ മാതൃകയാണ് അതെന്ന് കണ്ടാൽ മനസ്സിലാകും. ഓരോ പേജിലും ഓരോ ചടങ്ങുകളുടെ വിശദാംശങ്ങളാണ്. അവയിൽ ഓരോന്നിലും വ്യത്യസ്ത ദൈവങ്ങളുടെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. പെട്ടി തുറക്കുമ്പോൾ മറുവശത്തായി വൈകുണ്ഡത്തിന്റെ പശ്ചാത്തലമാണ് കാണുക. സ്വർണത്തിലും വെള്ളിയിലുമുള്ള ചെറിയ വിഗ്രഹങ്ങളും ഈ ക്ഷണപ്പെട്ടിക്കൊപ്പമുണ്ട്. നിത അംബാനിയുടെ കൈയ്യക്ഷരത്തിലുള്ള ഒരു കുറിപ്പും ക്ഷണപ്പെട്ടിക്കുള്ളിൽ അടങ്ങിയിരിക്കുന്നു.



Sharing is Caring