അധികൃതര്‍ പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്‌


അധികൃതര്‍ പിടിച്ചെടുത്ത റോബിന്‍ ബസ് ഉടമയ്ക്ക് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. ബസ് കൈമാറുംമുമ്പ് ഇതിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


82,000 രൂപയുടെ പിഴ ഉടമ അടച്ചതിനാല്‍ ഇനിയും ബസ് പിടിച്ചുവെയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് നവംബര്‍ 24-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് പിടിച്ചെടുത്തത്.


തുടരെയുള്ള നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബ്‌സ് പിടിച്ചെടുത്തത്. പിന്നീട് ബസ് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം നടത്തുന്നുണ്ടെന്നായിരുന്നു വിശദീകരണം.



Sharing is Caring