പട്ടിണിക്കിട്ടു പീഡിപ്പിച്ച് ആറു വയസ്സുകാരിയെ കൊന്നുവെന്ന കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും മൂന്നു വര്‍ഷം കഠിന തടവ്. ഒന്നും രണ്ടും പ്രതികളായ അച്ഛന് ബിലാത്തികുളം താമരക്കുളം ലക്ഷ്മി നിവാസില്‍ സുബ്രഹ്മണ്യന് നമ്ബൂതിരി, രണ്ടാനമ്മ ദേവിക എന്ന റംലത്ത് എന്നിവര്‍ക്കാണ് ശിക്ഷ. സുബ്രഹ്മണ്യന് നമ്ബൂതിരി ഒരു ലക്ഷം രൂപ പിഴയും നല്‍കണം. സുബ്രഹ്മണ്യന്റെ മകളായ അദിതി എസ്. നമ്ബൂതിരി മരിച്ച കേസിലാണു വിധി. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. 2013 ഏപ്രില്‍ 30 നാണ് കുട്ടി മരിച്ചത്.
പിതാവിന്റെയും രണ്ടാനമ്മയുടെയും ഒരു മാസം നീണ്ട ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായാണ് അദിതി മരിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകം, വധശ്രമം, ആയുധം കൊണ്ടും കൈകൊണ്ടും ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. അദിതിയുടെ മരണത്തിന് ഒരുമാസം മുന്‍പ് ജ്യേഷ്ഠന് അരുണ്‍ എസ്. നമ്ബൂതിരിയെ മര്‍ദിച്ചതിനു വധശ്രമക്കുറ്റവും ചേര്‍ത്തിരുന്നു. പ്രതികള്‍ക്കുള്ള പകര്‍പ്പ് ഉള്‍പ്പെടെ 425 പേജുള്ള കുറ്റപത്രത്തില്‍ അരുണ്‍ അടക്കം 45 സാക്ഷികളെ ഉള്‍പ്പെടുത്തിയിരുന്നു.
കോഴിക്കോട് ബിലാത്തിക്കുളം ബിഇഎം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അദിതിയെ അപസ്മാരമാണെന്നു പറഞ്ഞ് സുബ്രഹ്മണ്യനും ദേവികയും ഏപ്രില്‍ 29 നു രാത്രി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 30 ന് കുട്ടി മരിച്ചു.
ശരീര പരിശോധനയില്‍ മാരകമായ പൊള്ളലും മര്‍ദനമേറ്റ പാടുകളും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിച്ചു. പിറ്റേന്ന് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത സുബ്രഹ്മണ്യനും ദേവികയും ഇപ്പോഴും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവിലാണ്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിയും മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സ്വാഭാവിക ജാമ്യത്തിനുള്ള അവകാശം പ്രതികള്‍ക്ക് നഷ്ടപ്പെട്ടു.













