അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു


സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു.വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്.


ഇരുവരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരുടെ കുടിലും കാട്ടാന തകർത്തു.പ്രദേശത്ത് മൂന്നോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. ഇന്നലെയാണ് ഇവർക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം എത്തിയപ്പോള്‍ ഇവർ ചിതറിയോടി. സതീഷ് കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. സതീഷിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.


തുടർന്ന് വനംവകുപ്പിനെ അറിയിച്ചതിനുശേഷം നടത്തിയ പരിശോധനയില്‍ അംബികയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റും. മരിച്ചവരുടെ കുടുംബത്തിന് സ‌ർക്കാർ അടിയന്തരമായി ആശ്വാസ ധനം നല്‍കും.

ഇതുസംബന്ധിച്ച്‌ നടപടികള്‍ സ്വീകരിക്കാൻ കളക്‌ടർക്കും വനംവകുപ്പ് മേധാവിക്കും മന്ത്രി നിർദേശം നല്‍കി. സംഭവത്തില്‍ വനംവകുപ്പ് മന്ത്രി വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.



Sharing is Caring