പാകിസ്ഥാനെതിരെയുള്ള അടുത്ത മിന്നലാക്രമണം വ്യത്യസ്തമായിരിക്കുമെന്ന് പുതിയ
കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഒരു ദേശിയ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് അധീന കശ്മിരില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് (മിന്നലാക്രമണം) നമ്മള് നടത്തി. എന്നാല്‍ ഇനിയും അത്തരത്തില്‍ ഒരു ആക്രമണം നടത്തേണ്ടിവരികയാണെങ്കില്‍ അത് നടപ്പാക്കുന്ന രീതി വ്യത്യസ്തമായിരിക്കും.

ഇക്കാര്യത്തില്‍ ശത്രുവിനെ അമ്പരപ്പിക്കുന്നതായിരിക്കും തങ്ങളുടെ രീതി. കശ്മിരിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും കരസേനാ മേധാവി പറഞ്ഞു.
സെപ്റ്റംബറില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം തീവ്രവാദികളും അവരുടെ തന്ത്രം മാറ്റുകയാണ്. നിരന്തരം അവര്‍ മാറുന്നു. അതിനനുസരിച്ച് നമ്മളും തന്ത്രം മാറ്റുകയാണ്. അതിനായാണ് ഇപ്പോഴത്തെ തങ്ങളുടെ ശ്രമം.
തീവ്രവാദികളെ തുരത്തിയേ തീരു. അവര്‍ക്ക് പാകിസ്ഥാന്റെ പിന്തുണയുണ്ട്. പണവും ആയുധങ്ങളും ഉണ്ട്. ഇനിയും അവര്‍ നുഴഞ്ഞുകയറും. അതിനാല്‍ അതീവശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു.
പാകിസ്ഥാനെപ്പോലെ അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ചൈനയുമായും പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ നമ്മളത് പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കുന്നു. ഇന്ത്യന്‍ സൈന്യവും സമാധാനം ആഗ്രഹിക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണെന്നും കരസേനാ മേധാവി പറഞ്ഞു.













