മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഇതിന് ജീവനക്കാരുടേയും സംസ്ഥാന സര്‍ക്കാരുകളുടേയും എതിര്‍പ്പ് മറികടന്ന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. എസ്.ബി.ടിക്കു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ്ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബീക്കാനിര്‍, ജയ്പുര്‍ ബാങ്കുകളും എസ്.ബി.ഐയില്‍ ലയിക്കും.ഈ അഞ്ചു ബാങ്കുകളും എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാകും നടക്കുക.
ആഗോളതലത്തില്‍ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് ലയനം. അസോസിയേറ്റഡ് ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിന് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കരുതെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മന്ത്രിസഭാ തീരുമാനം. ഭാരതീയ മഹിളാ ബാങ്കിനെയും എസ്.ബി.ഐയുമായി ലയിപ്പിക്കാന്‍ നിര്‍ദേശമുയര്‍ന്നുവെങ്കിലും ഇക്കാര്യം പിന്നീട് പരിശോധിക്കുമെന്നു ജെയ്റ്റ്ലി വ്യക്തമാക്കിരുന്നു. ലയിക്കുന്ന ബാങ്കുകളിലെ ജീവനക്കാരുടെ പുനര്‍വിന്യാസം കാലതാമസം വരാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.













