അനീഷിന്റെ ആത്മഹത്യ: രണ്ടുപേര്‍ക്കെതിരെ കേസെടുത്തു


പാലക്കാട്: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കൊല്ലം സ്വദേശികളായ ധനേഷ്, രമേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ കുറിപ്പിലെ സൂചനപ്രകാരമാണ് അഗളി പൊലിസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫേസ്ബുക്ക് വഴി വീണ്ടും വീണ്ടും അപമാനിച്ചതാണ് യുവാവിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു.
കൂടെ ജോലിചെയ്യുന്ന പെണ്‍കുട്ടിയോടൊപ്പം 16ന് പ്രണയ ദിനത്തില്‍ കൊല്ലം അഴീക്കല്‍ ബീച്ച് കാണാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കരുനാഗപ്പള്ളിയിലെ പ്രമുഖ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് അനീഷ്.
പെണ്‍കുട്ടിയെയും യുവാവിനെയും മര്‍ദിച്ച സംഘം ദൃശ്യങ്ങള്‍ തെറ്റായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇപരുടെ പരാതി പ്രകാരം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ദൃശ്യങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടെ അനീഷ് മാനസികമായി തകര്‍ന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് അനീഷിനെ വീടിനുസമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.




Sharing is Caring