അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നാളെ; ആകാംക്ഷയോടെ രാജ്യം


ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇത് അഭിമാന പോരാട്ടമാണെങ്കില്‍ ദേശീയരാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശില്‍ ജാതിസമവാക്യങ്ങളിലാണ് സമാജ്വാദിപാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പ്രതീക്ഷ.


വികസനവും വര്‍ഗീയതയും ഉച്ചത്തില്‍ മുഴങ്ങിക്കേട്ട പ്രചാരണമായിരുന്നു ഉത്തര്‍പ്രദേശില്‍ നടന്നത്. ലോക്സഭാതിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ നിയസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. നോട്ട് അസാധുവാക്കലും വര്‍ഗീയതയും ബിജെപിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മോദിയെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി നീക്കം.
എന്നാല്‍, അവസാന ലാപ്പില്‍ എത്തിയതോടെ പ്രധാനമന്ത്രിതന്നെ വര്‍ഗീയ പരാമര്‍ശം നടത്തിയത് പ്രചാരണത്തിന്‍റെ ദിശ മാറ്റി. മുസ്ലിം വോട്ടുബാങ്കില്‍ ഉണ്ടാകുന്ന വിള്ളലിലാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടി ഭരണം നിലനിര്‍ത്താമെന്നാണ് സമാജ്്വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.


യാദവ്, മുസ്ലിം വോട്ടുകളുടെ ഏകീകരണം സംഭവിച്ചാല്‍ ഫലം മറിച്ചാവില്ല. രാഷ്ട്രീയ നിരീക്ഷകരുടെ വിജയപ്രതീക്ഷയില്‍ ഇടം നേടിയില്ലെങ്കിലും മായാവതിയും തികഞ്ഞ പ്രതീക്ഷയിലാണ്. പഞ്ചാബില്‍ വെന്നിക്കൊടി പാറിച്ച്‌ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. ലഹരി മാഫിയക്കെതിരെ പടനയിച്ച ക്യാപ്റ്റനും കൂട്ടരും പത്തു വര്‍ഷത്തെ എന്‍ഡിഎ ഭരണം അവസാനിപ്പിച്ചാല്‍ പഞ്ചാബ് പ്രചാരണത്തില്‍ കൂടുതല്‍ സമയം ചെലവിട്ട രാഹുല്‍ ഗാന്ധിക്കും അതു നേട്ടമാകും.

ആകെയുള്ള 117ല്‍ 23 സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. അതുകൊണ്ടുതന്നെ തിരിച്ചടി സഖ്യകക്ഷിയായ അകാലിദളിന്‍റെ അക്കൗണ്ടിലിരിക്കും. ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ചുപിടിച്ചും ഗോവയില്‍ ഭരണതുടര്‍ച്ചയും നേടിയാല്‍ മോദി-അമിത് ഷാ അച്ചുതണ്ട് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്ത് നേടും. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം.



Sharing is Caring