അഞ്ചു ലക്ഷം രൂപയ്ക്ക് പതിനാറുകാരിയെ ഒമാന്‍ സ്വദേശിയായ വൃദ്ധന് വിവാഹം ചെയ്തു കൊടുത്തു


ഹൈദരാബാദ്: ഭര്‍തൃസഹോദരനും ഭാര്യയും കൂടി പതിനാറുകാരിയെ അഞ്ചു ലക്ഷം രൂപയ്ക്ക് ഒമാന്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരന്‍ ഷേക്കിന് വിവാഹം ചെയ്തു കൊടുത്തെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി. മകള്‍ക്ക് നല്ല ജീവിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അഞ്ചു മാസങ്ങള്‍ക്ക് മുന്പാണ് കൗമാരക്കാരിയെ തങ്ങളുടെ സമ്മതമില്ലാതെ അമ്മായി വിവാഹം ചെയ്തു കൊടുത്തതെന്ന് പരാതിയില്‍ മാതാപിതാക്കള്‍ വ്യക്തമാക്കി.
വിവാഹത്തിന് ശേഷം ഒമാനിലേക്ക് പോയ വൃദ്ധന്‍ എട്ടാം കഌസ് വിദ്യാര്‍ത്ഥിനിക്ക് വിസ അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും മസ്‌കറ്റിലേക്ക് പോയി. എന്നാല്‍, തന്നെ മസ്‌കറ്റില്‍ നിന്ന് രക്ഷിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വൃദ്ധനൊപ്പം പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. മകളെ വിവാഹം കഴിച്ച ആളുമായി ഫോണില്‍ സംസാരിച്ചെന്നും വിവാഹവേളയില്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കിയാല്‍ മാത്രമേ പെണ്‍കുട്ടിയെ മടക്കി അയയ്ക്കുകയുള്ളൂവെന്നും അയാള്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.


തന്റേയും ഭര്‍ത്താവിന്റേയും സമ്മതമില്ലാതെ ഭര്‍തൃസഹോദരിയും ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്ന് നിയമവിധേയമല്ലാതെ വിവാഹം നടത്തിക്കൊടുക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നടന്ന വിവാഹത്തിന് ഒരു ഖാസിയാണ് കാര്‍മികത്വം വഹിച്ചത്. വിവാഹശേഷം നാലുദിവസം പെണ്‍കുട്ടിക്കൊപ്പം ഈ ഹോട്ടലില്‍ ഇയാള്‍ താമസിച്ചു. പിന്നീട് വൃദ്ധന്‍ ഒമാനിലേക്ക് പോയി. അതിനുശേഷമാണ് മകള്‍ക്ക് വിസ അയച്ചത്.
പെണ്‍കുട്ടിക്ക് ഒമാനിലേക്കു പോകാനുള്ള രേഖകള്‍ ശരിയാക്കി കൊടുത്തത് സിക്കന്ദറാണ്. മകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സിക്കന്ദര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറന്നു. ഒമാന്‍ സ്വദേശിയെ വിവാഹം കഴിച്ചാല്‍ ലഭിക്കുന്ന ആഡംബര ജീവിതത്തെ കുറിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയതെന്നും മാതാപിതാക്കള്‍ പറയുന്നു. അതേസമയം, ഹൈദരാബാദില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നതാണ് വസ്തുത. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രായമായവര്‍ പണം കൊടുത്ത് വിവാഹം ചെയ്യാറുണ്ട്.




Sharing is Caring