തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വൈ.എസ് ശര്‍മിള


തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ.എസ് ശര്‍മിള.മത്സരിക്കുന്നതിന് പകരം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും ശര്‍മിള വ്യക്തമാക്കി.


ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയും മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മകളുമാണ് ശര്‍മിള. തെലങ്കാനയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിനെ താഴെയിറക്കാൻ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് ശര്‍മിള അറിയിച്ചത്.


ശര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലയനം സംബന്ധിച്ച്‌ ശര്‍മിള സോണിയ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലയനനീക്കത്തിനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശര്‍മിളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവു സര്‍ക്കാറിനെ പുറത്താക്കാൻ തങ്ങള്‍ ആരുമായും തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് ശര്‍മിള വ്യക്തമാക്കിയിരുന്നു. കെ.സി.ആര്‍ താലിബാൻ പ്രസിഡന്റിനെ പോലെയാണ് ഭരിക്കുന്നതെന്നായിരുന്നു ശര്‍മിളയുടെ ആരോപണം.

നവംബര്‍ 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലമറിയാം. നിയമസഭ തെരഞ്ഞെടുപ്പിലെ തങ്ങളുടെ പങ്കാളിത്തം പല മണ്ഡലങ്ങളിലെയും കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തെ നേരിട്ട് ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ശര്‍മിള പറഞ്ഞു



Sharing is Caring