തൃത്താല ഇരട്ടകൊലപാതകത്തിൽ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി


തൃത്താല കണ്ണനൂരില്‍ ഉറ്റസുഹൃത്തുക്കളായ അൻസാര്‍, അഹമ്മദ് കബീര്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കഴുത്തിന് വെട്ടേറ്റ നിലയില്‍ ആശുപത്രിയിലെത്തിയ അന്‍സാര്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് മുമ്ബ് മരണപ്പെടുകയായിരുന്നു. അഹമ്മദ് കബീറിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്.


പട്ടാമ്ബി തൃത്താല റോഡില്‍ കരിമ്ബനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്ബനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി.

അന്വേഷണം നടക്കുന്നതിനിടെയാണ് കരിമ്ബനക്കടവിനുസമീപം ഭാരതപ്പുഴയില്‍ കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ കാലുകള്‍ പൊങ്ങിയ നിലയിയിലായിരുന്നു മൃതദേഹം കണ്ടത്.

തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഉറ്റസുഹൃത്ത് മുസ്തഫയാണെന്ന് അൻസാര്‍ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നു.
അൻസാറിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയെ പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.

മുസ്തഫയുടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസ്‌ പിടികൂടുമ്ബോള്‍ മുസ്തഫയുടെ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു. കൊലപാതക കാരണം അറിയുന്നതിനായി പ്രതിയെ ചോദ്യം ചെയ്തവരികയാണ് പോലീസ്.



Sharing is Caring