ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി


ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പദ്ധതിക്ക് 100 കോടിരൂപ അനുവദിച്ചതായി ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം പദ്ധതിക്കും 100 കോടിയുടെ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്.


ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓണം ടൂറിസാഘോഷം ഉദ്ഘാടനത്തിനെത്തിയ കേന്ദ്രടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രചരിത്രത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ച് ടൂറിസം മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയോട് വിശദീരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്രത്തിനായി കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി 100 കോടിയുടെ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.


100 കോടിയില്‍ 84കോടി രൂപയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനായാണ് വകയിരുത്തിയിരിക്കുന്നത്. 5.6 കോടി രൂപ ആറന്മുള ക്ഷേത്രത്തിനും 6 കോടി ശബരിമലയ്ക്കും വകയിരുത്തിയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരക്രമങ്ങളെ ബാധിക്കാത്ത പദ്ധതിക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഭംഗി മറയ്ക്കുന്ന ചുറ്റുപാടുമുള്ള കേബിള്‍ ശൃംഖലകള്‍ മുഴുവന്‍ ഭൂമിക്കടിയിലേക്ക് മാറ്റും. പത്മതീര്‍ത്ഥക്കുളം നവീകരിക്കും.നാലുചുറ്റുമുള്ള റോഡുകള്‍ നവീകരിക്കും. ക്ഷേത്രത്തിനുചുറ്റും 5.2 കിലോമീറ്റര്‍ പൈതൃക നടപ്പാത നിര്‍മ്മിക്കും. ക്ഷേത്രത്തോടനുബന്ധമായ മണ്ഡപങ്ങള്‍ക്കും ചരിത്രനിര്‍മ്മിതികള്‍ക്കും മുന്നിലൂടെയാവും നടപ്പാത.

ക്ഷേത്രപൈതൃകവും അനന്തപുരിയുടെ ചരിത്രവും പേറുന്ന ഡിജിറ്റല്‍ മ്യൂസിയം പദ്ധതിയുടെ ഭാഗമായുണ്ടാകും. വീഡിയോ മ്യൂസിയമാണ് മറ്റൊരാകര്‍ഷണം. വീഡിയോ മ്യൂസിയത്തിലെത്തുന്നവര്‍ക്ക് അവര്‍ക്കാവശ്യമുള്ള ചരിത്രം വീഡിയോരൂപത്തിലും ഓഡിയോ രൂപത്തിലും ലഭ്യമാക്കും. ക്ഷേത്രത്തിനുചുറ്റും ഒരേ മാതൃകയിലുള്ള എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള ദൃശ്യവിതാനവും ഒരുക്കും. കിഴക്കേ നടയ്ക്ക് പ്രാധാന്യം നല്‍കിയാവും ഇത്.
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ക്ലോക്ക് റൂം, ക്ഷേത്ര വിവരങ്ങള്‍ അറിയിക്കുന്ന കൂറ്റന്‍ ടിവി സ്‌ക്രീനുകള്‍ എന്നിവയുണ്ടാകും. സോളാര്‍ പവര്‍‌സ്റ്റേഷനും വിഭാവനം ചെയ്തിട്ടുണ്ട്. ശുചിമുറികള്‍, വിശ്രമസങ്കേതങ്ങള്‍ എന്നിവയുണ്ടാകും. കിഴക്കേകോട്ട ബസ് സ്റ്റാന്റ് നവീകരണത്തിനായി അഞ്ചുകോടിരൂപയും ചെലവഴിക്കും.

ആറന്മുള ക്ഷേത്രത്തില്‍ വള്ളംകളി ഗ്യാലറി, പാര്‍ക്കിംഗ്,വൈദ്യുതി സംവിധാനം, ശുചിമുറികള്‍, ഡ്രെയിനേജ് സംവിധാനം എന്നിവയ്ക്കാണ് തുക ചെലവഴിക്കുക. ശബരിമലയില്‍ പമ്പയില്‍ നിലവിലുള്ള പാലത്തിനുപുറമെയായി നാലു മീറ്റര്‍ വീതിയുള്ള രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കും. നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിനോട് ചേര്‍ന്ന് വിരി വയ്ക്കാന്‍ പ്രതേ്യക സംവിധാനമൊരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.



Sharing is Caring