മൂന്നര പതിറ്റാണ്ടുനീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഇത്തവണ ഖത്തറില്‍ കിരീടം ചൂടാന്‍ ഒരുങ്ങുന്ന സ്കലോണി സംഘത്തിന് വഴിമുടക്കി മൂന്നു ടീമുകളുണ്ടെന്ന മുന്നറിയിപ്പുമായി സൂപര്‍ താരം ലയണല്‍ മെസ്സി.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും പ്രതീക്ഷ നല്‍കിയ ശേഷം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ലാറ്റിന്‍ അമേരിക്കന്‍ മണ്ണിലെത്തിക്കാന്‍ ഇവയുടെ കുതിപ്പ് തടഞ്ഞേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. 1986ല്‍ ഡീഗോ മറഡോണയുടെ സുവര്‍ണ കാലുകള്‍ ബ്യൂണസ് ഐറിസിലെത്തിച്ച ശേഷം ലോകകിരീടം അര്‍ജന്റീനക്കൊപ്പം നിന്നിട്ടില്ല.

മറ്റു 31 ടീമുകളില്‍ ഏറ്റവും പേടിക്കേണ്ട മൂന്നു പേര്‍ മെസ്സിക്ക് ബ്രസീലും ഫ്രാന്‍സും ഇംഗ്ലണ്ടുമാണ്. എന്നാല്‍, ലോകകപ്പായതിനാല്‍ അതിസങ്കീര്‍ണമാണ് കാര്യങ്ങളെന്നും എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2014ലാണ് അര്‍ജന്റീന അവസാനമായി കിരീടത്തിന് ഏറ്റവും അടുത്തെത്തിയത്. അന്നുപക്ഷേ, അധിക സമയത്തേക്കു നീണ്ട കലാശപ്പോരില്‍ ഗോളടിച്ച് ജര്‍മനി ചാമ്ബ്യന്മാരാകുകയായിരുന്നു.
സ്കലോണിക്കു കീഴില്‍ മികച്ച പ്രകടനം തുടരുന്ന അര്‍ജന്റീന മൂന്നു വര്‍ഷമായി തോല്‍വിയറിയാതെ കുതിക്കുകയാണ്. 35 കളികളില്‍ ടീം തോറ്റിട്ടില്ല. കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ വീഴ്ത്തി ചാമ്ബ്യന്മാരാകുകയും ചെയ്തു. ഇതേ കുതിപ്പ് ഖത്തറില്‍ നിലനിര്‍ത്തി ഫിഫ ലോകകിരീടവുമായി മടങ്ങാനാണ് മെസ്സിക്കൂട്ടം ലക്ഷ്യമിടുന്നത്.
സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ് സിയിലാണ് അര്‍ജന്റീന. സൗദി അറേബ്യക്കെതിരെയാണ് ആദ്യ മത്സരം.
ലെവന്‍ഡോവ്സ്കിയുടെ പോളണ്ടും അമേരിക്കന്‍ ടീമായ മെക്സിക്കോയും ടീമിന് ആദ്യ ഘട്ടത്തില്‍ വെല്ലുവിളിയുയര്‍ത്തും. എന്നാല്‍, ഇവ അനായാസം കടക്കാനാകുമെന്നാണ് ടീം അര്‍ജന്റീന കണക്കുകൂട്ടുന്നത്.













