ലോകകപ്പ് 2022 ഫൈനല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മില്‍


ലോകകപ്പ് 2022 ഫൈനല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മില്‍. ക്രൊയേഷ്യയെ എതിരില്ലാത്തെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്‍റീനയും മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സും ഫൈനലിലെത്തിയത്.


നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന രണ്ട് ടീമുകള്‍ മുഖാമുഖം വരുമ്ബോള്‍ ലോകകപ്പ് ഫൈനല്‍ തീപാറുമെന്ന് ഉറപ്പ്.


ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക. അര്‍ജന്‍റീന 1986, 1978 വര്‍ഷങ്ങളിലാണ് ലോകകപ്പ് ജേതാക്കളായത്. ഫ്രാന്‍സ് വിശ്വവിജയികളായത് 2018ലും 1998ലുമാണ്. അര്‍ജന്‍റീനയെ വീഴ്ത്തി ലോകകിരീടം നേടിയാല്‍ ഫ്രാന്‍സിനെ കാത്തിരിക്കുന്ന മറ്റൊരു അതുല്യ നേട്ടം കൂടിയുണ്ട്. 60 വര്‍ഷത്തിനിടെ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമെന്ന നേട്ടമാകും ഫ്രാന്‍സിനെ തേടിയെത്തുക.

സമകാലീന് ഫുട്ബോളിലെ മികച്ച കളിക്കാരായ ലയണല്‍ മെസിയും കീലിയന്‍ എംബാപ്പെയും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും അര്‍ജന്‍റീന – ഫ്രാന്‍സ് പോരാട്ടത്തിനുണ്ട്. ഇതിനോടകം ഈ ലോകകപ്പിലെ ഏറ്റവുമധികം ഗോള്‍ നേടുന്ന താരത്തിനുള്ള സുവര്‍ണപാദുകത്തിനായി മെസിയും എംബാപ്പെയും തമ്മിലാണ് പ്രധാന മത്സരം. ഇരുവരും ഇതുവരെ അഞ്ച് ഗോളുകള്‍ വീതമാണ് സ്കോര്‍ ചെയ്തിട്ടുള്ളത്. 36 വര്‍ഷത്തിന് ശേഷം ഒരു ലോകകപ്പിനായി കാത്തിരിക്കുകയാണ് അര്‍ജന്‍റീന. ലോക ഫുട്ബോളിലെ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസിക്ക് ലോക കിരീടവുമായി യാത്രയയപ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അര്‍ജന്‍റീന.



Sharing is Caring