ശബരിമലയിൽ തിരക്ക് തുടരുന്നു,മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം പമ്പയിൽ


ശബരിമലയില്‍ തീ‍ര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്ന് 82,365 തീര്‍ഥാടകര്‍ ആണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരിക്കുന്നത്.തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പമ്ബയില്‍ അവലോകന യോഗം ചേരുന്നുണ്ട്.


മന്ത്രിമാരായ എം ബി രാജേഷ്, എ കെ ശശീന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ച്ചയായി ശബരിമല പാതയില്‍ ഗതാഗത കുരുക്കുണ്ടാകുന്നതടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലയ്ക്കലും പമ്ബയിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതികളും ചര്‍ച്ചയാകും. ശബരിമലയുമായി ബന്ധപ്പെട്ടുള്ള 32 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പന്പയിലെ മാലിന്യ പരിപാലനവും വിലയിരുത്തും


സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ഇന്ന് പമ്ബയിലും ശബരിമലയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ ക്രമീകരണങ്ങള്‍ ഡിജിപി വിലയിരുത്തും. പമ്ബയിലെ അവലോകന യോഗത്തിനുശേഷം ആണ് പോലീസ് മേധാവി സന്നിധാനത്തെത്തുക.



Sharing is Caring