ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥരുടെ അറിവോടെ; തെളിവായി ഫോൺ സംഭാഷണം

റാന്നി പ്ലാച്ചേരി വനം വകുപ്പ് ഓഫീസ് വളപ്പിലെ കഞ്ചാവ് കൃഷി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നതിന്റെ തെളിവുകൾ പുറത്ത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ച ശേഷം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച് ഓഫീസർ ഈ വിവരം പ്ലാച്ചേരി വനം വകുപ്പ് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.

കഞ്ചാവ് ചെടികൾ നട്ടു വളർത്തിയതായി അറിഞ്ഞ ശേഷം താൻ തന്നെ അത് ജീവനക്കാരെ കൊണ്ട് പറിച്ചു കളഞ്ഞതായി ഡെപ്യൂട്ടി റേഞ്ചർ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നു‍ണ്ട്. ഈ വിവരം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, റേഞ്ച് ഓഫീസറിനോട് പറയാത്തത് ഓഫീസിൽ എത്തിയപ്പോൾ റേഞ്ച് ഓഫീസർ തിരക്കിലായിരുന്നതിനാലാണെന്നും പറയുന്നതായിട്ടാണ് ഫോൺ സംഭാഷണത്തിൽ ഉളളത്.

ഗ്രോബാഗിൽ കഞ്ചാവ് കൃഷി നടത്തിയ വാച്ചറെ പറഞ്ഞുവിടാൻ നിൽക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.നാൽപതിലധികം കഞ്ചാവു ചെടികളാണ് സ്റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ നട്ടുവളർത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്.

ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ഇതുവരെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *