ഹിമാചല്‍ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400ലധികം സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കും. 7,884 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. സംസ്ഥാനത്തത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സിപിഐഎം 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്. ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍.













