വി പി ജോയ്
പാലക്കാട്: 2011 ജനുവരി- 24ന്, മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രനെയും (46) മക്കളായ വിവേക് (10) വ്യാസ് ( 8) എന്നിവരെയും, പാലക്കാട് കഞ്ചിക്കോട്ടെ കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരുന്നു.സിബിഐ അന്വേഷിച്ച, ആ കേസില്‍ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട് 62 ദിവസമാണ് വ്യവസായി വി എം രാധാകൃഷ്ണന്‍ ജയിലില്‍ കിടന്നത്. കേസ് ഇപ്പോഴും കോടതിയിലാണ്.

സത്യത്തില്‍ എന്താണ് ശശീന്ദ്രനും കുട്ടികള്‍ക്കും സംഭവിച്ചത് എന്നതിന്റെ തന്റെ അനുമാനം വെളിപ്പെടുത്തകയാണ് വി എം രാധാകൃഷ്ണന്‍.
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വി എം രാധാകൃഷ്ണന്‍ അന്നത്തെ സംഭവികാസങ്ങള്‍ വെളിപ്പെടുത്തിയത്. കൃശഗാത്രനായ ശശീന്ദ്രന്, എങ്ങനെ തന്റെ രണ്ടു കുഞ്ഞുങ്ങളെ പരസഹായം കൂടാതെ, കൊന്ന് കെട്ടിത്തൂക്കാന്‍ കഴിഞ്ഞു? ഇങ്ങനെ ഓരോ കുഞ്ഞുങ്ങളെയായി തൂക്കിക്കൊല്ലാനായി വിളിക്കുമ്പോള്‍, എന്തുകൊണ്ട് ഈ കുഞ്ഞുങ്ങള്‍ കരഞ്ഞ് ബഹളംവെച്ച് ഓടിമാറിയില്ല? തുടങ്ങി കോടതി ചോദിച്ച ചോദ്യങ്ങള്‍ പ്രസ്‌ക്തമാണെന്ന് അദ്ദേഹം പറയുന്നു.
എന്നെ വെറുതെ പ്രതിചേര്‍ത്തു
വി എം രാധാകൃഷ്ണനുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.”മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും, അദ്ദേഹത്തിന്റെ രണ്ടു കുഞ്ഞുങ്ങളും, ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. ഞാന്‍ അങ്ങനെ പറയാനുണ്ടായ കാരണം, ആത്മഹത്യയാണെന്ന് പറയുന്ന സിബിഐയുടെ മൂന്നാമത്തെ കുറ്റപത്രത്തെ ചോദ്യം ചെയ്യാന്‍ പോവുകയാണെന്ന്, പരേതനായ ശശീന്ദ്രന്റെ സഹോദരന്‍ ഡോ സനല്‍കുമാര്‍ പറയുന്നത് പത്രത്തിലും ചാനലുകളിലുമൊക്കെ കാണുകയുണ്ടായി. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അതേക്കുറിച്ച് സംസാരിക്കാന്‍ ചില പരിമിതികള്‍ എനിക്കുണ്ട്. അതുകൊണ്ട് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം പറയാം.
ആ മരണങ്ങള്‍ വളരെ ദു:ഖകരമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ്. കൊലപാതകമായാലും ആത്മഹത്യയായാലും ആ വിഷയത്തില്‍ നീതിപുര്‍വമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം. ശശീന്ദ്രന്‍ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായിരുന്നു, കമ്പനിയോട് കൂറുളള വ്യക്തിയായിരുന്നു. അത്തരം ഒരു ആളുടെ മരണത്തില്‍ കൃത്യമായ പ്രോസിക്യൂഷന്‍ നടക്കണം എന്നായിരുന്നു എന്റെയും അഭിപ്രായം.

ശശീന്ദ്രനെ, ദീര്‍ഘകാലം പരിചയമുണ്ട്. കമ്പനി സെക്രട്ടറി എന്ന നിലയില്‍ ഇടപഴകേണ്ട ആവശ്യം വന്നിട്ടുണ്ട്. എന്നെ വലിയ താല്‍പ്പര്യമായിരുന്നു. എന്റെ ഓഫീസില്‍ വരാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കുടുംബപരമായ കാര്യങ്ങള്‍പോലും എന്നോട് പങ്കുവെക്കാറുണ്ട്. വളരെ സ്‌നേഹപൂര്‍വം പെരുമാറിയിരുന്നു, ഉദ്യോഗസ്ഥനാണ് ശശീന്ദ്രന്‍. അദ്ദേഹവും ഞാനുമായി ശത്രുതയുണ്ടെന്നും, ആത്മഹത്യചെയ്യാന്‍ തോനുന്ന രീതിയില്‍ ഞാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ്, കുറ്റപത്രങ്ങളും മാധ്യമ പ്രചാരണങ്ങളുമൊക്കെ. എന്റെ ശത്രുക്കളും പ്രചരിപ്പിക്കുന്നത്, ഞാന്‍ അദ്ദേഹത്തെ കൊല ചെയ്തു എന്നുവരെയാണ്.
എനിക്കെതിരെയുള്ള വിജിലന്‍സ് കേസുകളില്‍ ശശീന്ദ്രന്‍ എതിരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ശത്രുത എന്നാണ് പ്രചാരണം. ശശീന്ദ്രന്‍ വിജലിന്‍സ് മുമ്പാകെ അനവധി മൊഴികള്‍ നല്‍കിയിട്ടുണ്ട്. ഈ മൊഴികളില്‍ ഒന്നില്‍പോലും എന്നെക്കുറിച്ച് മോശപ്പെട്ട പരാമര്‍ശമോ, ഒരു ആരോപണമോ, എന്തിന് ഒരു ദുസ്സൂചന നല്‍കുന്ന ഒരു വാക്കുപോലും ഇല്ല. അദ്ദേഹം വിജിലന്‍സിന് കൊടുത്ത സകല മൊഴികളും കുറ്റപത്രത്തോടൊപ്പം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കയും, അതുവഴി എനിക്ക് ലഭിക്കയും ചെയ്തു. മാത്രമല്ല, ശശീന്ദ്രന്റെ എല്ലാ മൊഴികളും ഞാന്‍ സിബിഐ ഓഫീസില്‍ നേരിട്ട് എത്തിച്ച് രശീതി വാങ്ങിയിട്ടുള്ളതാണ്. ഒറ്റ മൊഴിയില്‍പോലും ശശീന്ദ്രന്‍ എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം എന്നെക്കുറിച്ച് നല്ലതുമാത്രമേ പറഞ്ഞിട്ടുള്ളു.
ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ മാസ്റ്റര്‍, സിബിഐക്ക് നല്‍കിയ മൊഴി കുറ്റപത്രത്തോടൊപ്പം എനിക്ക് ലഭിച്ചിട്ടുണ്ട്. രാധാകൃഷ്ണന്‍ എപ്പോഴോങ്കിലും ഭീഷണിപ്പെടുത്തിയതായി ശശീന്ദ്രന്‍ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന്, ശശീന്ദ്രന്റെ പിതാവ് പറഞ്ഞ മറുപടി, അങ്ങനെ ഒരു ഭീഷണിയെക്കുറിച്ച് എന്നോട് ഒരിക്കല്‍പോലും പരാമര്‍ശിച്ചിട്ടില്ല എന്നാണ്.

സിബിഐയുടെ വിവിധ തരത്തിലുള്ള ഉദ്യോസ്ഥര്‍ ഈ കേസുകള്‍ അന്വേഷിക്കുകയുണ്ടായി. അഡീഷണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. ആദ്യഘട്ടത്തില്‍ പ്രതികളായ രണ്ടുപേരെ അവര്‍ മാപ്പുസാക്ഷികളാക്കി. പീഡനം നേരിട്ട് നടത്തിയെന്ന് പറയുന്ന രണ്ട് ഉദ്യോഗസ്ഥരെ മാപ്പുസാക്ഷികളാക്കുകയും, അവരോട് ശശീന്ദ്രനെ പീഡിപ്പിക്കണം എന്ന് ടെലിഫോണ്‍ വഴി, ആവശ്യപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന രാധാകൃഷ്ണനെ ഒരേ ഒരു പ്രതിയുമാക്കി മാറ്റി. ഈ അന്വേഷണ സംഘത്തലവന് എതിരെ അനവധി പ്രതികൂലമായ കോടതി നിരീക്ഷണങ്ങളും, പരാമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്. അത് വസ്തുതയാണ്. ”- വി എം രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
അടിമുടി ദുരൂഹതകള്‍
ശശീന്ദ്രന്‍ വധക്കേസിലെ ആദ്യം പ്രതികളായിരുന്ന രണ്ടുപേര്‍ ഇന്ന് മാപ്പുസാക്ഷികളാണ്. കത്തിയെടുത്ത് കുത്തിയവര്‍ സാക്ഷികളാവുകയും, കുത്തെടാ എന്ന് പറഞ്ഞവര്‍, പ്രതികളാവുകയും ചെയ്യുന്ന സാഹചര്യം വളരെ വിചിത്രമാണ്, കേട്ടുകേള്‍വിയില്ലാത്തതാണ്. രാധാകൃഷ്ണന്റെ നിര്‍ബന്ധപ്രകാരം, രാധാകൃഷ്ണന്‍ പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ഒന്നും രണ്ടും കുറ്റാരോപിതര്‍ ശശീന്ദ്രനെ ദ്രോഹിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എങ്ങനെ നിര്‍ബന്ധിച്ചുവെന്നില്ല, എവിടെവെച്ച് നിര്‍ബന്ധിച്ചു എന്നില്ല, ഏത് മാധ്യമം മുഖേനെ നിര്‍ബന്ധിച്ചു എന്നില്ല.
തീര്‍ന്നില്ല കേസിലെ വൈരുദ്ധ്യങ്ങള്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍, ആത്മഹത്യാപ്രേരണാക്കുറ്റത്തിന് 62 ദിവസം ജയിലില്‍ കിടക്കുന്നത്. ഈ കുറ്റത്തിന് ഒരാഴ്ചയോ, രണ്ടാഴ്ചയോ, റിമാന്‍ഡ് കഴിഞ്ഞ് ജയില്‍ മോചിതരായവരാണ് ഏറെയും. എന്നാല്‍ രാധാകൃഷ്ണനുമാത്രം 62 ദിവസം ജയില്‍വാസം. ഇങ്ങനെയുള്ള പലകാര്യങ്ങളും കേസിന്റെ ഭാഗമായി ഉണ്ട്.
പരേതനായ ശശീന്ദ്രന്റെയും കുഞ്ഞുങ്ങളുടെയും മരണവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. ചില ചില കാര്യങ്ങള്‍ സൂചിപ്പിക്കാനേ എനിക്ക് കഴിയൂ. അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതിയാണ്. സാക്ഷികള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്. അതില്‍നിന്ന് ഒരു നിഗമനത്തിലെത്താനും ഞാന്‍ തയ്യാറല്ല. ഇത് ശരിയാണോ, തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
ശശീന്ദ്രന്റെ മരണം നടക്കുന്ന കാലത്ത് അയല്‍വാസിയായിരുന്ന, ഒരു കൊച്ചു പയ്യന്റെ മൊഴി, പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ ഇന്ന് ബി ടെക്ക് കഴിഞ്ഞ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറോ മറ്റോ ആണ്. ആ മൊഴിയില്‍ കുട്ടി പറയുന്നത്, ആന്റി അതായത് ശശീന്ദ്രന്റെ ഭാര്യ ടീന, വീട്ടിലേക്ക് പോവുമ്പോള്‍, ശശീന്ദ്രനും കുഞ്ഞുങ്ങളും, ആ വീട്ടില്‍ ജീവനോടെ ഉണ്ടായിരുന്നു, ഞാന്‍ അവരെ കണ്ടിരുന്നു എന്നാണ്. ആ മൊഴിയില്‍ തന്നെയാണ് അദ്ദേഹം വളര്‍ന്ന് വലുതായി എഞ്ചിനീയര്‍ ആയിട്ടും ഉറച്ച് നിന്നത്. സാക്ഷിപ്പട്ടികയിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയത് ഈ കുട്ടിയുടെ മൊഴി വിശ്വസനീയമാണ് എന്നാണ്. ഇതു കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖയെ ആധാരമാക്കി ഞാന്‍ പറയുന്നതാണ്.
തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഡോ സനല്‍കുമാര്‍ നല്‍കിയ ഹരജിയില്‍, കോടതി ചില കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കൃശഗാത്രനായ ശശീന്ദ്രന്, എങ്ങനെ തന്റെ രണ്ടു കുഞ്ഞുങ്ങളെ പരസഹായം കൂടാതെ, കൊന്ന് കെട്ടിത്തൂക്കാന്‍ കഴിഞ്ഞു? കോടതി മറ്റൊരുകാര്യം കൂടി പറഞ്ഞു. ഇങ്ങനെ ഓരോ കുഞ്ഞുങ്ങളെയായി തൂക്കിക്കൊല്ലാനായി വിളിക്കുമ്പോള്‍, എന്തുകൊണ്ട് ഈ കുഞ്ഞുങ്ങള്‍ കരഞ്ഞ് ബഹളംവെച്ച് ഓടിമാറിയില്ല? ഒരു കുഞ്ഞിനെ കൊലചെയ്തപ്പോള്‍ അടുത്ത കുഞ്ഞെങ്കിലും ബഹളംവെച്ച് ഓടിമാറിയില്ലേ? ഇതും, സസൂക്ഷ്മം അന്വേഷണ വിധേയമാക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
കോടതി ഉത്തരവിനെ തുടന്നുണ്ടായ സിബിഐ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി കുറ്റാരോപിതന്‍ എന്ന നിലക്ക് എനിക്കും കിട്ടിയിട്ടുണ്ട്. അതില്‍ പറയുന്നത്, കോടതി ചോദിച്ച ഈ രണ്ടുചോദ്യങ്ങളും പ്രസ്‌ക്തമാണെങ്കിലും അതില്‍ കൃത്യമായ ഉത്തരം അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. ഈ രണ്ട് കാര്യങ്ങള്‍ എന്തെങ്കിലും ആരോപിക്കാന്‍ വേണ്ടി ഞാന്‍ പറയുന്നതല്ല. സാക്ഷിമൊഴികളില്‍ ഞാന്‍ കണ്ടകാര്യങ്ങള്‍ അതേപടി പറയുകയാണ് ചെയ്തത്. ഇതില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് കോടതിയാണ്. ”- വി എം രാധാകൃഷ്ണന്‍ വ്യക്തമാക്കി.













