പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കാന്‍ ‘ഷോപ്പ് ലോക്കല്‍’ കാംപയിനുമായി വികെസി പ്രൈഡ്

തിരുവനന്തപുരം ‘ : ഓണ്‍ലൈന്‍ വ്യാപാരം ഉയര്‍ത്തുന്ന വെല്ലുവളികളെ അതിജീവിക്കാനും ഉപഭോക്താക്കളെ നേരിട്ട് ഷോപ്പുകളിലെത്തിക്കാനും അതുവഴി ചെറുകിട വ്യാപാരികള്‍ക്ക് ഉത്തേജനമേകാനും ലക്ഷ്യമിട്ട് വികെസി പ്രൈഡ് ‘ഷോപ്പ് ലോക്കല്‍’ എന്ന പേരില്‍ പ്രത്യേക പ്രചരണത്തിന് തുടക്കമിട്ടു. ഷോപ്പ് ലോക്കല്‍ ഇന്ത്യയുടെ പുതിയ സംസ്‌ക്കാരമായി മാറണമെന്നുള്ള വീക്ഷണത്തോടെയാണ് വികെസി ഗ്രൂപ്പ് ഈ ആശയം വിഭാവനം ചെയ്തിരിക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനിലൂടെ ദേശീയ തലത്തില്‍ നടത്തുന്ന ക്യാംപയിന്റെ ആദ്യ ഘട്ടം കേരളത്തില്‍ വിദ്യാഭ്യാസ, തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈകാതെ ഷോപ്പ് ലോക്കല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

‘ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ ചെറുകിട വ്യാപാരികള്‍ക്ക് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതു ചെറുക്കാന്‍ സമര്‍ത്ഥമായ ശ്രമങ്ങളുണ്ടാകണം. ഷോപ്പ് ലോക്കല്‍ കാംപയിന്‍ ഇത്തരമൊരു ശ്രമമാണ്. ഇത് ചെറുകിട വ്യാപാരികള്‍ക്ക് ഉത്തേജനമാകും’- മന്ത്രി പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അയല്‍പ്പക്ക വ്യാപാരികളേയും ചെറുകിട കച്ചവടക്കാരേയും ആശ്രയിക്കുന്ന ഒരു സംസ്‌കാരം ഉപഭോക്താക്കളില്‍ വളര്‍ത്തിയെടുക്കാനുള്ള വിപ്ലവകരമായ ശ്രമമാണ് ഷോപ്പ് ലോക്കല്‍ കാംപയിന്‍. ‘ഉപഭോക്താക്കളെ അയല്‍പ്പക്ക ഷോപ്പുകളില്‍ തിരിച്ചെത്തിക്കുകയും അതു വഴി പ്രാദേശിക വിപണികള്‍ക്ക് ഊര്‍ജ്ജം പകരുകയുമാണ് ലക്ഷ്യം. പ്രാദേശിക വിപണി മെച്ചപ്പെടുന്നതോടെ അവിടങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പണ വിനിമയം കൂടുതല്‍ നടക്കുകയും ചെയ്യും. ഷോപ്പ് ലോക്കല്‍ സംസ്‌കാരത്തിലൂടെ അയല്‍പ്പക്ക വ്യാപാരികളേയും അതുവഴി ഇന്ത്യയേയും ഉന്നതിയിലേക്കു നയിക്കാന്‍ നമുക്ക് കൈകോര്‍ക്കാം’- വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു.

ആഴ്ച തോറുമുള്ള സമ്മാനങ്ങള്‍, അയല്‍പ്പക്ക വ്യാപാരികളിലേക്ക് ഉപഭോക്താക്കളെ നേരിട്ട് എത്തിക്കാന്‍ സഹായിക്കുന്ന വികെസി പരിവാര്‍ ആപ്പ്, ഇന്ത്യക്കാര്‍ക്കായി അമിതാഭ് ബച്ചന്‍ നല്‍കുന്ന സന്ദേശം എന്നീ പ്രചരണോപാധികളുമായാണ് വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍ ക്യാംപയിന് തുടക്കമിട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *