പാലക്കാട്: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ സംവരണ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ കെഎസ്യു നേതാവും ഡെല്‍ഹി എയിംസ് യൂണിയന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു പിടിക്കുകയും ചെയ്ത ഡെല്‍ഹിയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെ സജീവ സാന്നിദ്ധ്യമായ വിപിന്‍ കൃഷ്ണനെത്തുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. നിരവധി പേരുകള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ സംസ്ഥാന നേതൃത്വം പുതിയ ഒരു പരീക്ഷണത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുന്നതായാണ് വിവരം. ഇതാണ് വിപിന്‍ കൃഷ്ണന്റെ പേരിന് കൂടുതല്‍ സജീവത കൈവരുത്തുന്നത്.
നേതൃത്വ പാടവമുള്ള ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല എന്നതാണ് ഇതുവരെയുള്ള കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 2009 ല്‍ സ്ഥാനാര്‍ത്ഥിയായി വന്ന സുധീര്‍, ഇലക്ഷന്‍ സമയത്ത് മാത്രമായി ഉദിച്ചുയര്‍ന്ന വ്യക്തിയായിരുന്നു. ജനങ്ങളുമായി സമ്പര്‍ക്കമില്ലാതിരുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനം നടത്തിയിരുന്ന ഒരു നേതാവല്ല എന്ന ദുഷ്‌പേര് മണ്ഡലത്തില്‍ പ്രചരിച്ചിരുന്നു. തന്നെയുമല്ല ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ഒരുപാട് വിവാദങ്ങളുടെ ചുഴിയിലായിരുന്നു എന്നതും പരാജയത്തിന്റെ ആക്കം കൂട്ടിയിരുന്നു. ജന സമ്മതിയുള്ള ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല എന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാവുകയും ചെയ്തു.

പിന്നീട് വന്ന ഇലക്ഷനില്‍ ജനങ്ങള്‍ക്ക് സുപരിചയല്ലാത്ത ഷീബ എന്ന ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്ന് കോണ്‍ഗ്രസ് പരീക്ഷിച്ചു നോക്കിയെങ്കിലും പരാജയപ്പെടാനായിരുന്നു ഇവരുടെയും വിധി. ഇവരോടൊപ്പം തന്നെ തുളസിടീച്ചറെ പോലുള്ള പലരുടെയും പേരുകള്‍ മണ്ഡലത്തില്‍ പ്രചരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പല ഇലക്ഷനുകളിലും മത്സരിച്ച് പരാജയപ്പെടുകയും ജനങ്ങള്‍ക്ക് അവരില്‍ വേണ്ടത്ര മതിപ്പ് ഉളവാക്കാന്‍ കഴിയാത്തതിനാലും കോണ്‍ഗ്രസ് നേതൃത്വം വളരെ ആലോചിച്ച് മാത്രമെ ഇക്കാര്യത്തില്‍ ഇത്തവണ ഒരു തീരുമാനത്തിലെത്താന്‍ സാധ്യതയുള്ളു. ഈയൊരു സാഹചര്യത്തിലാണ് നേതൃത്വം പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. പുതിയ സാരഥിയായ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ യുവനിരയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത് എന്നതുകൊണ്ട് യുവനിരയില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ മത്സരത്തിനിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ സംവരണ സീറ്റായ ആലത്തൂരില്‍ ശക്തനായ, കഴിവും പ്രവര്‍ത്തന പരിചയവും സംഘടനാ പാടവവും കൈമുതലായ ഒരു യുവനേതാവിനെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ ഒരു കാര്യമാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് എയിംസ് നഴ്‌സസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന വിപിന്‍ കൃഷ്ണനെ ശ്രദ്ധിക്കുന്നത്. ഒരു ദലിത് നേതാവ് കൂടിയായ വിപിന്‍ കൃഷ്ണന്‍ പഠനകാലത്ത് കെ എസ് യുവിന്റെ സജീവ സംഘടനാ പ്രവര്‍ത്തകനായിരുന്നു. ധാരാളം വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഇദ്ദേഹം ഒരു ദലിത് ആക്ടിവിസ്റ്റ് കൂടിയാണ്. നിരവധി പ്രക്ഷോഭ പരിപാടികള്‍ക്ക് ഡല്‍ഹിയില്‍ നേതൃത്വം കൊടുക്കാന്‍ ഇദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. സ്വാശ്രയ സമരങ്ങളിലും നഴ്‌സിംഗ് മേഖലയില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെയും നിരന്തരം സമരം നയിച്ച് ശ്രദ്ധേയനായ വ്യക്തികൂടിയാണ് വിപിന്‍ കൃഷ്ണന്‍. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഡല്‍ഹിയില്‍ ഒരുപാട് സംഘടനകളെയും ജനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുവാനും കേരളത്തിനായി സഹായങ്ങളെത്തിക്കുവാനും ഇദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സംഭാവനകളും സംഘടനാ പാടവവും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആലത്തൂരില്‍ വിപിന് വേണ്ടി പല കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിട്ടുള്ളത്. മികച്ച ഒരു സംഘടനാ നേതാവും വാഗ്മിയുമായ വിപിന്‍ ആലത്തൂരില്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് അതൊരു മുതല്‍ക്കൂട്ടാവുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഏതായാലും വിപിന്‍ മത്സരിക്കുകയാണെങ്കില്‍ ആലത്തൂരില്‍ മത്സരം കനക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
മുമ്പും ആലത്തൂരില്‍ മത്സരിച്ചിട്ടുള്ള പാലക്കാട് ഡിസിസി പ്രസിഡണ്ട് ശ്രീകണ്ഠന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവും വനിതാ കമ്മീഷന്‍ മെമ്പറുമായ തുളസി ടീച്ചര്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സിസി ശ്രീകുമാര്‍, ഫുട്ബോള്‍ താരം ഐഎം വിജയന്‍, കെപിസിസി സെക്രട്ടറി എന്‍കെ സുധീര്‍, കെഎസ്യു നേതാവ് ശ്രീലാല്‍ ശ്രീധര്‍ തുടങ്ങിയവരുടെ പേരുകളും മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
2008ല്‍ ഡീലിമിറ്റേഷന്‍ പ്രകാരം രൂപപ്പെട്ട ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 2009ലും 2014ലും സിപിഎമ്മിന്റെ പികെ ബിജു വിജയിച്ചിരുന്നു.
