റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. അഞ്ചു വര്‍ഷം മുമ്പുള്ള വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന വേടന്റെ ആദ്യകാല പാട്ടിനെതിരെയാണ് എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്.രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു.
വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണം. ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് വേടനെന്നും പരാതിയില്‍ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് നടന്ന വേടന്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എന്‍ഐഎക്കും പരാതി നല്‍കിയിരിക്കുന്നത്.

കലാകാരൻ ഇൻഫ്ലുവൻസറാണ്. ആ സമൂഹത്തെ സ്വാധീനിക്കാൻ കലാകാരന് കഴിയും. ലക്ഷക്കണക്കിന് പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു. എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിലും ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി പറഞ്ഞു.













