വിമാനത്തില്‍ നടന്ന പ്രതിഷേധത്തെ കുറിച്ച് വിമാനക്കമ്പനിയായ ഇന്‍ഡിഗോ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെ കുറിച്ച് വിമാനക്കമ്പനിയായ ഇന്‍ഡിഗോ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് സംബന്ധിച്ച് അദ്ദേഹം ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവിക്ക് പരാതി നല്‍കി. റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ബോധപൂര്‍വ്വം ഒഴിവാക്കി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ സ്വദേശി ആയ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ റിപ്പോര്‍ട്ട് തള്ളണം.മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം ഉണ്ടായതെന്ന് കോടിയേരിബാലകൃഷ്ണനും ഇ പി ജയരാജനും പറഞ്ഞിരുന്നും. എന്നിട്ടും വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയത് മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോഴാണെന്ന് വിമാന കമ്പനിയായ ഇന്‍ഡിഗോ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്ന്പേര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പിണറായി വിജയന്റെ കൂടെ ഉണ്ടായിരുന്നയാളാണ് പ്രതിഷേധക്കാരെ തടഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടയോ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പേരോ പരാമര്‍ശിച്ചിട്ടില്ല. അതേസമയം സംഭവത്തില്‍ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും.മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണനാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുന്നത്.

കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചന ഉള്‍പ്പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തെളിവുശേഖരിക്കുന്നതിനായി അന്വേഷണ സംഘം പ്രതിഷേധം നടന്ന വിമാനം നേരിട്ട് പരിശോധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *