കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ പ്രതികരണവുമായി വി. ഡി. സതീശന്‍


കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്നും ദേശീയതലത്തില്‍ സംഘപരിവാര്‍ നടത്തുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നതെന്നും സതീശന്‍ ആരോപിച്ചു.മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയില്‍ കേരളത്തില്‍ നടക്കുന്നു. നേരത്തേ ദേശീയ തലത്തില്‍ സംഘപരിവാര്‍ ചെയ്തിരുന്നത് ഇതാണ്.


വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് ക്രൈംസ എന്നും അതൊരു ജോലിയല്ലെ എന്നും സതീശന്‍ ചോദിച്ചു.പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലില്‍ പിന്‍വാതില്‍ നിയമനം നടന്നു എന്ന വാര്‍ത്ത നല്‍കിയതിനും കേസ് എടുത്തു. വാര്‍ത്ത പുറത്ത് പോയത് അന്വേഷിക്കാന്‍ പൊലീസ് രംഗത്ത്. ഇതാണോ പൊലീസിന്റെ ജോലിയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.


പൊലീസിന്റെ കൈകാലുകള്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്നും പൊലീസ് ലോക്കപ്പിലാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring