ബാര്‍ ലൈസന്‍സ്: വി എം സുധീരനെതിരെ ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ കോണ്‍ഗ്രസ് ഒറ്റഗ്രൂപ്പ്

Sudeeranതിരുവനന്തപുരം: തെരഞ്ഞെടുപ്പ് യുദ്ധത്തിന് ശേഷം കോണ്‍ഗ്രസില്‍ ബാര്‍ യുദ്ധം. സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍ പുതുക്കിനല്‍കാന്‍ സര്‍ക്കാര്‍ കഠിനാധ്വാനം നടത്തുമ്പോള്‍ നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുടെ പ്രശ്‌നമേയില്ലെന്ന കടുംപിടുത്തമാണ് കെ പി സി സി പ്രസിഡന്റിന്റേത്.
കെ കരുണാകരന്‍-എ കെ ആന്റണി കാലത്തെ കോണ്‍ഗ്രസ് പോലെ എല്ലാ വിഷയത്തിലും കടുത്ത അഭിപ്രായഭിന്നതയും വാഗ്വാദവും ചേരിതിരിവും പാര്‍ട്ടിയില്‍ അതിരൂക്ഷമായി. അന്നത്തെ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഗ്രൂപ്പായി ചേരിതിരിഞ്ഞല്ലെന്ന് മാത്രം. ഒരു വശത്ത് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിരലിലെണ്ണാവുന്ന നേതാക്കളും മാത്രം. മറുഭാഗത്ത് ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും പാര്‍ട്ടിയിലെ ഗ്രൂപ്പ് ഭൂതഗണങ്ങള്‍ മുഴുവനും. വി എം സുധീരനെതിരെ കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരൊറ്റ ഗ്രൂപ്പായി എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. കഴിഞ്ഞ ദിവസം നടന്ന കെ പി സി സി നേതൃയോഗത്തിലും ബുധനാഴ്ച നടന്ന സര്‍ക്കാര്‍-കെ പി സി സി ഏകോപന സമിതിയിലും വിവാദമായ ബാര്‍ വിഷയത്തില്‍ തീരുമാനമെടുക്കാനായില്ല.
വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റ് ആകുന്നതിന് മുമ്പ് വരെ കോണ്‍ഗ്രസ് പാര്‍ട്ടിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരും രണ്ടും രണ്ടായിരുന്നു. സര്‍ക്കാരിന്റെ നടപടികളെല്ലാം ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടിക്കാര്യം രമേശ് ചെന്നിത്തലയും നടത്തിക്കൊണ്ടുപോവുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നേരിട്ടുഎള്ള നോമിനിയായി വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ സുപ്രധാനമായ എന്ത് തീരുമാനമെടുത്താലും അത് പാര്‍ട്ടി അറിയണമെന്നും പാര്‍ട്ടി വേദിയില്‍ ചര്‍ച്ച നടത്തണമെന്നും വി എം സുധീരന്‍ കൃത്യമായ നിര്‍ദേശം നല്‍കിയതോടെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി മന്ത്രിമാരും വെട്ടിലായത്. ഈ നിലപാട് തന്നെയാണ് മുന്നണി സംവിധാനത്തിലും വി എം സുധീരന്‍ സ്വീകരിച്ചത്.
സുധീരനെ ധിക്കരിക്കുന്നത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെയും ഉപാധ്യക്ഷനും പാര്‍ട്ടിയില്‍ സര്‍വ്വശക്തനുമായ രാഹുല്‍ ഗാന്ധിയെയും ധിക്കരിക്കുന്നതിന് തുല്യമായതിനാല്‍ എല്ലാം സഹിച്ച് ഭരിക്കുക മാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരനെ വല്ലാതെ ധിക്കരിച്ചാല്‍ പിന്നെ ധിക്കരിക്കാന്‍ മുഖ്യമന്ത്രിക്കസേരയുണ്ടാകില്ലെന്ന് മറ്റാരെക്കാളും നന്നായി ഉമ്മന്‍ ചാണ്ടിക്ക് അറിയാം.
എങ്കിലും ബാര്‍ മുതലാളിമാരുടെ സങ്കടം കണ്ടുനില്‍ക്കാനാകാത്തതുകൊണ്ടാണ് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ അദ്ദേഹം വെമ്പല്‍ക്കൊള്ളുന്നത്. ബാര്‍ മുതലാളിമാരുടെ കാര്യമായതിനാല്‍ പാര്‍ട്ടി നേതാക്കളും ഗ്രൂപ്പുവൈരം മറന്ന് ഉമ്മന്‍ ചാണ്ടിയോടൊപ്പമാണ്. പാര്‍ട്ടിയെയും തങ്ങളെയും കയ്യയച്ച് സഹായിക്കുന്ന ബാര്‍ മുതലാളിമാരെപ്പോലുള്ളവരെ വിഷമിപ്പിക്കുന്നത് ദൈവംപോലും പൊറുക്കില്ലെന്ന വാദമുയര്‍ത്തിയാണ് ഇവര്‍ സുധീരന്റെ നിലപാടുകളെ എതിര്‍ക്കുന്നത്.
പണ്ടേ മദ്യവിരോധിയായ വി എം സുധീരനെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ബോധവത്ക്കരിക്കാനാകാത്തതിനാല്‍ പലതട്ടില്‍ പലതവണ ചര്‍ച്ച നടത്തിച്ച് വശംകെടീക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. നിലവാരമുള്ള ബാറുകള്‍മാത്രം തുറന്നുനടത്തിയാല്‍ മതിയെന്ന വാദമാണ് എല്ലാ വേദികളിലും വി എം സുധീരന്‍ ഉയര്‍ത്തുന്നത്. നിലവാരത്തിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ബാറുകള്‍ക്ക് നിലവാരമുയര്‍ത്താന്‍ സമയം നല്‍കി തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉടന്‍ തന്നെ അനുമതി നല്‍കണമെന്നുമാണ് മുഖ്യമന്ത്രിയുടെ അപേക്ഷ. വി എം സുധീരന്‍ മാത്രം ശുദ്ധ ഗാന്ധിയനും താന്‍ കള്ളവാറ്റുകാരുടെയും കള്ളുകച്ചവടക്കാരുടെയും ആളാണെന്നും സ്ഥാപിക്കാനുള്ള നീക്കത്തിലും മുഖ്യമന്ത്രിക്ക് രോഷമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *