എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 988.25 കോടി നല്‍കണമെന്ന് യുഎസ്


വാഷിംഗ്ടണ്‍: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 121.5 മില്യണ്‍ ഡോളര്‍(988.25 കോടി രൂപ) യാത്രക്കാര്‍ക്ക് റീഫണ്ട് ഇനത്തിലും 1.4 മില്യണ്‍ ഡോളര്‍(11.38 കോടി രൂപ) പിഴയായും നല്‍കണമെന്ന് ഉത്തരവിട്ട് യുഎസ്.


വിമാന സര്‍വ്വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതില്‍ കാലതാമസം വരുത്തിയതിനാണ് യുഎസ് ഗതാഗത വകുപ്പിന്റെ നടപടി. എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് എയര്‍ലൈനുകള്‍ക്കെതിരെയാണ് നടപടി.


ആറ് എയര്‍ലൈനുകളും റീഫണ്ടായി 600 മില്യണ്‍ ഡോളറിലധികം തുക നല്‍കാമെന്ന് സമ്മതിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. അഭ്യര്‍ത്ഥന പ്രകാരം പണം തിരികെ നല്‍കുക എന്ന എയര്‍ ഇന്ത്യയുടെ നയം യുഎസ് ഗതാഗത വകുപ്പിന്റെ നയത്തിന് വിരുദ്ധമാണ്. റദ്ദാക്കുകയോ, വിമാനം മാറ്റുകയോ ചെയ്താല്‍ ടിക്കറ്റുകള്‍ നിയമപരമായി റീഫണ്ട് ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.

എയര്‍ ഇന്ത്യ, ടാറ്റ ഏറ്റെടുക്കുന്നതിന് മുന്‍പുള്ളവയാണ് ഈ പരാതികള്‍. എയര്‍ ഇന്ത്യയെ കൂടാതെ ഫ്രാന്‍ഡിയര്‍, ടിഎപി പോര്‍ച്ചുഗല്‍, എയ്‌റോ മെക്‌സിക്കോ, ഇഐ എഐ, അവിയാന്‍ക എന്നിവയ്ക്കാണ് യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്.



Sharing is Caring