നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്.

മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് ‘വിഷ പേന’കളും സ്‌പ്രേകളും അടക്കം ഉത്തര കൊറിയ വികസിപ്പിക്കുന്നതായാണ് കണ്ടെത്തിയതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയ അവരുടെ ആണവ പദ്ധതികളിലുള്ള ശ്രദ്ധ കുറച്ചതായും ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ വൈറസുകള്‍ പടര്‍ത്തുന്നതിന് പ്രത്യേക ജൈവായുധങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലാണ് അവരുടെ ശ്രദ്ധയെന്നുമാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. ജൈവായുധം നിര്‍മ്മിക്കാന്‍ പ്രത്യേക സംഘം തന്നെ ഉത്തര കൊറിയക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

സൈനീക ആവശ്യങ്ങള്‍ക്കായി ജൈവായുധം നിര്‍മ്മിക്കുന്നതിന് ഉത്തര കൊറിയക്ക് കഴിയുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത റിപ്പോര്‍ട്ടിലുണ്ട്.ജനിതക എഞ്ചിനീയറിങിലൂടെ ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരകൊറിയയ്ക്ക് കഴിവുണ്ട്.

ജീനുകളെ വേര്‍തിരിച്ച് അവയില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യകളും അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1960 മുതല്‍ തന്നെ ഉത്തര കൊറിയ ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ യുഎസ് ഇന്റലിജന്‍സ് ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *