
അതീഖ് അഹ്മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് യു.പി പൊലീസ്. ഉത്തർപ്രദേശ് പൊലീസ് തിരയുന്ന ക്രിമിനലുകളുടെ ലിസ്റ്റിൽ അതീഖിന്റെ ഭാര്യയേയും ഉൾപ്പെടുത്തി. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് യു.പി പൊലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
അതീഖിന്റെ കുടുംബത്തിൽ ഷായിസ്ത പർവീൺ മാത്രമാണ് ഇപ്പോൾ പുറത്തുള്ളത്. അതീഖിന്റെ നാല് മക്കൾ നിലവിൽ ജയിലിലാണ്. ഒരു മകൻ അസദ് അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അതീഖ് അഹ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കായുള്ള തെരച്ചിൽ യു.പി പൊലീസ് ഊർജിതമാക്കിയിരുന്നു.

ഷായിസ്ത പർവീണിന്റെ തലക്ക് 50,000 രൂപയാണ് യു.പി പൊലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഉമേഷ് പാൽ വധക്കേസിൽ ഉൾപ്പടെ പല കേസുകളിലും ഷായിസ്തക്ക് പങ്കുണ്ടെന്നാണ് യു.പി പൊലീസ് പറയുന്നത്. സബർമതി ജയിലിലെത്തി അതീഖുമായി കൂടികാഴ്ച നടത്തിയ ഷായിസ്ത പർവീൺ അവിടെ നിന്നാണ് ഉമേഷ് പാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഷായിസ്തക്കെതിരെ നാല് കേസുകൾ നിലവിലുണ്ടെന്ന് യു.പി പൊലീസ് അറിയിച്ചു. ഇതിൽ ഒരു കൊലപാതക കേസും നാല് വഞ്ചന കേസുമുണ്ട്.
