സന്ദേശ്ഖാലി വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിവാഹിതരായ ഹിന്ദു യുവതികളെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ലക്ഷ്യമിടുകയാണെന്ന് അവര്‍ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
ദുരനുഭവങ്ങള്‍ പങ്കുവച്ച സ്ത്രീകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എല്ലാവരും അന്വേഷിച്ച വ്യക്തിയാണ് ഷെയ്ഖ് ഷാജഹാനെന്നും റേഷന്‍ കുംഭകോണ കേസില്‍ ഇഡി അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പൗരന്മാര്‍ എന്ന നിലയില്‍ നമുക്ക് നിശബ്ദരായ കാഴ്ചക്കാരാകാന്‍ കഴിയുമോ എന്നും സ്മൃതി ഇറാനി ചോദിച്ചു.