ഇന്ത്യ- പാക് സംഘര്‍ഷം തുടരവെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യും.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിക്കും. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ചയായേക്കും. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇന്നലെയുണ്ടായ സംഭവവികാസങ്ങള്‍ രാജ്യത്തെ അറിയിക്കാനായി വിദേശകാര്യമന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വാര്‍ത്താ സമ്മേളനം നടത്തും. പാക് ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും സര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കുമെന്നാണ് അറിയുന്നത്.














