അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ട‌ർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അന്ത്യശാസനം


സംസ്ഥാനത്ത് സർവീസിൽനിന്ന് അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ട‌ർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അന്ത്യശാസനം നൽകി ആരോഗ്യവകുപ്പ്. ജൂൺ 6ന് വൈകിട്ട് അഞ്ചു മണിക്കു മുൻപ് സർവീസിൽ തിരിച്ച് കയറണം എന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന അന്ത്യശാസനം. നിർദേശം പാലിക്കാത്ത ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയറ്റിപ്പ് നൽകി.


അനധികൃതമായി അവധിയിലുള്ളവരുടെ കണക്കുകൾ 5 ദിവസത്തിനകം നൽകണമെന്ന് ആരോഗ്യ ഡയറക്‌ടറോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന പകർച്ചവ്യാധികളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അനധികൃതമായി സർവീസിൽനിന്ന് വിട്ടുനിൽക്കുന്നത്.


സർവീസിൽ തിരികെ പ്രവേശിക്കാൻ താൽപര്യമുള്ളവർ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് പൊതു അറിയിപ്പ് നൽകാൻ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പല സ്‌ഥലത്തും ഡോക്ടർമാരും ജീവനക്കാരും ഇല്ലെന്ന വിവരം ലഭിച്ചത്. അധികച്ചുമതല നൽകി ജോലികൾ നിറവേറ്റുകയാണിപ്പോൾ.

മഴക്കാലത്തു സ്ഥിതി മോശമാകാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും അവധിയിലുള്ളവർ ജോലിയിൽ പ്രവേശിക്കുന്നില്ല. ഡോക്ടർമാർക്ക് ശമ്പളമില്ലാത്ത അവധി നൽകുന്ന രീതി വർഷങ്ങൾക്കു മുൻപു നിർത്തലാക്കിയിരുന്നു. നഴ്‌സിങ്, പാരാ മെഡിക്കൽ ഉൾപ്പെടെയുള്ള സകല ജീവനക്കാർക്കും പരമാവധി 5 വർഷമാണു ശമ്പളമില്ലാത്ത അവധി ഉള്ളത്. പലരും അവധി എടുത്തു പോയിട്ട് സർവീസിൽ തിരികെ പ്രവേശിച്ചിട്ടില്ല.

ഡോക്ടർമാരാകട്ടെ മറ്റന്തെങ്കിലും കാരണം പറഞ്ഞാണ് അവധി എടുക്കുന്നത്. വിദേശത്തു പോയവരെ കൂടാതെ സ്വദേശത്തെ സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഉണ്ട്. നടപടി എടുക്കുകയാണെങ്കിൽ പുറത്തു പോകാമെന്നും അല്ലെങ്കിൽ തോന്നുന്ന സമയത്തു തിരികെ വരാമെന്നുമാണ് ഇവരുടെ മനോഭാവമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

അനധികൃതമായി അവധി എടുക്കുന്നവരുടെ സേവനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പുതിയ ആളുടെ നിയമനത്തിനും ഇവർ തടസ്സമാകുന്നുണ്ട്.
അതേസമയം സർവീസിൽ തിരികെ പ്രവേശിക്കാൻ സന്നദ്ധത അറിയിക്കുന്നവർക്ക് ബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്‌ഥകൾക്കും അച്ചടക്ക നടപടികളുടെ തീർപ്പിനും വിധേയമായി അതതു വകുപ്പുകളിൽ നിയമനം നൽകണമെന്നും അതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ആർ.സുഭാഷിൻ്റെ ഉത്തരവിൽ പറയുന്നു.

അല്ലാത്തവരെ സർവീസിൽ തുടരാൻ താൽപര്യമില്ലാത്തവരായി കണക്കാക്കും. ഇവർക്കെതിരെ അച്ചടക്ക നടപടികളും സർവീസിൽനിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



Sharing is Caring