പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം: സാമ്പത്തിക രംഗത്ത് വലിയനേട്ടമാകും​: പ്രമോദ് മാങ്ങാട്ട്

കൊച്ചി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ.ഇ സന്ദർശനം സാമ്പത്തിക രംഗത്ത് ഗുണകരമായ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് യുഎഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മാങ്ങാട്ട് പറഞ്ഞു. യുഎഇയുടെ ഫോറിൻ മിനിസ്റ്ററുടെ ഇപ്പോഴത്തെ ഇന്ത്യാസന്ദർശനം ഇതിൻറെ തുടർച്ചയായി കാണാം. നിക്ഷേപസാഹചര്യങ്ങൾക്ക് സാധ്യതയുള്ള രാജ്യങ്ങളെക്കുറിച്ച് ആലോചിക്കുന്ന രാജ്യം കൂടിയാണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ളത് ചരിത്രപ്രാധാന്യമുള്ള ബന്ധമാണ്. 23ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. നമ്മുടെ രാജ്യത്തെ മാറ്റങ്ങളെ ദീർഘവീക്ഷണത്തോടെ നോക്കികാണുന്ന യുഎഇയുടെ ട്രേഡിങ്ങ് രംഗത്ത് ഏറ്റവും വലിയ പങ്കാളികൂടിയാണ് ഇന്ത്യ. ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രോട്ടോകോൾ മാറ്റിവെച്ചാണ് സ്വീകരിച്ചത്. അതുകൊണ്ട് ഗുണകരമായ മാറ്റങ്ങൾക്ക് സന്ദർശനം ഉപകരിക്കുമെന്നതിൽ സംശയമില്ല. വലിയ ഇൻവെസ്റ്റ്മെൻറാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള പുതിയ ചുവടുവെപ്പുകൾക്ക് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താവിന് ഇടപാടുകൾ എളുപ്പമാക്കുന്നതിനായി ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മാറ്റങ്ങളാണ് യുഎഇ എക്സ്ചേഞ്ച് ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. തിരക്ക് കാരണം പുതിയ തലമുറ ഇടപാടുകാർക്ക് ബ്രാഞ്ചുകളിലേക്ക് ചെല്ലുന്നതിൽ അസൗകര്യം തോന്നാറുണ്ട്. ബ്രാഞ്ചുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങൾ വിരൽത്തുമ്പിലേക്ക് എത്തിക്കുകയാണ് യുഎഇ എക്സ്ചേഞ്ച്. ഓൺലൈൻ,​ മൊബൈൽ ആപ്പ്,​ കീയോസ്ക് സംവിധാനങ്ങൾ സജീവമാക്കി. ഏത് രാജ്യത്തെ കറൻസിയായാലും കൈവശം വയ്ക്കാതെ ഇടപാടുകളും യാത്രകളും നടത്താൻ സൗകര്യപ്പെടുത്തുന്ന സംവിധാനവും ഒരുക്കി. കാഷ്‍ലെസ് ഇടപാടുകളെന്ന പദ്ധതിക്ക് പ്രാധാന്യം നൽകി. ഇതിൻറെ ഭാഗമായുള്ള ഗോ കാഷ്,​ സ്മാർട്ട് പേ കാർഡുകൾ വി‍ജയകരമായി മുന്നോട്ടുപോകുന്നു.

31 ഓളം രാജ്യങ്ങളിൽ നിന്നായി 2014ൽ ഇന്ത്യയിലേക്ക് 50,​000 കോടിരൂപയാണ് യുഎഇ എക്സ്ചേഞ്ച് വഴി പ്രവാസികൾ അയച്ചിട്ടുള്ളത്. ഇതിൻറെ 80ശതമാനവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് തന്നെയാണ്. ഇങ്ങനെ അയക്കുന്ന പണത്തിൻറെ 80 ശതമാനത്തോളം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയെന്നത് നല്ലൊരു കാര്യമാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ മുമ്പൊക്കെ നിർമ്മാണ മേഖലകളിൽ കൂടുതൽ കണ്ടിരുന്നത് മലയാളികളെയാണ്. കൂടുതൽ പണവും ഇതേതുടർന്ന് സംസ്ഥാനത്തേക്ക് എത്തിയിരുന്നു. കേരളത്തിൻറെ വികസനത്തിന് വലിയതോതിൽ ഇത് പ്രയോജനപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബീഹാർ,​ യു.പി,​ രാജസ്ഥാൻ,​ പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ജോലിക്കാരുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഗൾഫ് പണം നല്ല രീതിയിൽ ഒഴുകുകയാണ് എന്ന് കണക്കുകളിലൂടെ സമ്മതിക്കേണ്ടിവരും.

വിദേശത്ത് നിന്ന് പണം അയക്കുന്നതിന് നികുതി ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ വരുത്തുമെന്ന് കരുതുന്നില്ല. കാലങ്ങളായി ചില കോണുകളിൽ നിന്ന് നടക്കുന്ന ച‍ർച്ചകൾ മാത്രമാണിതെന്നും പ്രമോദ് മാങ്ങാട്ട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *