ഹൂതികള്‍ക്കെതിരായ ആക്രമണം കടുപ്പിച്ച്‌ യു.എസ്


ഹൂതികള്‍ക്കെതിരായ ആക്രമണം കടുപ്പിച്ച്‌ യു.എസ്. നാലാം തവണയും ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.ബുധനാഴ്ചയാണ് പെന്റഗണിന്റെ പ്രസ്താവന പുറത്ത് വന്നത്. ഹൂതികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് യു.എസ് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.


വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണ് നല്‍കിയതെന്ന് യു.എസിന്റെ ദേശീയ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടങ്ങിയത്. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരെയായിരുന്നു ആക്രമണം. ചെങ്കടലില്‍ നിരവധി കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ മിസൈലുകള്‍ തൊടുത്തു.


ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യപാതകളില്‍ ഒന്നായ ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ ആഗോള വാണിജ്യത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ഇതിന് മറുപടിയായി യു.എസും യു.കെയും ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. മറ്റ് രാജ്യങ്ങളുടെ കൂടി പിന്തുണയോടെയായിരുന്നു ആക്രമണം. പ്രദേശത്തിന്റെ സുരക്ഷക്കായി യു.എസിന്റേയും യു.കെയുടേയും നേതൃത്വത്തില്‍ സംയുക്തസേന രുപീകരിച്ചിരുന്നു.ഏറ്റവുമൊടുവില്‍, ഇസ്രായേലിലേക്കു പോയ കപ്പല്‍ ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരായ ആക്രമണം യു.എസ് കടുപ്പിച്ചത്



Sharing is Caring